ടിവിഎസിന്റെ പിന്തുണയുള്ള ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവ്, തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ അൾട്രാവയലറ്റ് എഫ്77 2022 നവംബർ 24-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 2019 നവംബറിൽ മോട്ടോർസൈക്കിളിന്റെ പ്രീ-പ്രൊഡക്ഷൻ പതിപ്പിനെ കമ്പനി പ്രദർശിപ്പിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും ദൂരക്ഷമതയുള്ള ഇലക്ട്രിക് ഇരുചക്രവാഹനമായി മാറുവാൻ സാധ്യതയുള്ള ഈ ബൈക്ക് കമ്പനിക്ക് ഒരു ‘മലയാളി കണക്ഷൻ’ കൂടിയുണ്ട്. ദുൽഖർ സൽമാനാണ് ഈ കമ്പനിയുടെ ആദ്യ ഇൻവെസ്റ്റർ. ദുൽഖർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ബന്ധം ലോകത്തെ അറിയിച്ചത്.
ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ബ്രാൻഡിന്റെ പുതിയ നിർമ്മാണ, അസംബ്ലി ഫാക്ടറിയിലാണ് പുതിയ അൾട്രാവയലറ്റ് എഫ്77 നിർമ്മിക്കുക. 70,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ സൗകര്യം ആദ്യ വർഷം ഏകദേശം 15000 ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ നിർമ്മിക്കും. പ്രതിവർഷം 1,20,000 യൂണിറ്റുകൾ വരെ ഉൽപ്പാദിപ്പിക്കാൻ ഈ സൗകര്യം പ്രാപ്തമാകും.