
ലണ്ടൻ: യുഎൻ പൊതുസഭ ചേരുന്നതിനു മുന്നോടിയായി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുണൈറ്റഡ് കിങ്ഡം(യുകെ). കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെയാണ് യുകെയും പലസ്തീനെ അംഗീകരിക്കുന്നത്.
‘സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ, ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ഞാൻ വ്യക്തമായി പ്രസ്താവിക്കുന്നു – യുണൈറ്റഡ് കിംങ്ഡം പലസ്തീൻ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു.’ – യു.കെ. പ്രധാനമന്ത്രി കെയിർ സ്റ്റാർമർ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.
പലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്ന ആദ്യത്തെ ജി7 രാജ്യമായി കാനഡ മാറിയിരുന്നു. തൊട്ടുപിന്നാലെ ഓസ്ട്രേലിയയും പലസ്തീൻ രാജ്യത്തെ അംഗീകരിച്ചു. ഇവർക്കെല്ലാം മുമ്പ് പലസ്തീനെ അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും അറിയിച്ചിരുന്നു.
സമാധാനത്തിലേക്കുള്ള പാതയെ പിന്തുണയ്ക്കുന്നതിനും ഇസ്രയേലി, പലസ്തീൻ ജനതയുടെ തുല്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗമായി, അടുത്ത സഖ്യകക്ഷികളായ കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും ഒപ്പം സ്വീകരിച്ച ചരിത്രപരമായ ചുവടുവെപ്പാണിതെന്ന് സ്റ്റാർമറുടെ ഓഫീസ് വ്യക്തമാക്കി.
