തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാൻ യുഡിഎഫ് യോഗത്തിൽ തീരുമാനം. ഭരണകക്ഷി എംഎൽഎയായ പി.വി. അൻവറിന്റെ തുറന്നു പറച്ചിൽ അതീവ ഗൗരവമേറിയതാണെന്നും യോഗം വിലയിരുത്തി. അൻവറിനെ കൊള്ളാനും തള്ളാനുമില്ലെന്നാണ് നിലവിലെ തീരുമാനം.
രാത്രി 8 മണിക്കായിരുന്നു യുഡിഎഫ് ഓൺലൈനായി യോഗം ചേർന്നത്. ഓൺലൈൻ യോഗം നേരത്തെ തീരുമാനിച്ചതാണെങ്കിലും അൻവറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിലും ശക്തമായ സമര പരിപാടികള്‍ നടത്താൻ തീരുമാനമായിട്ടുണ്ട്. എൽഡിഎഫുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച അൻവർ ഞായറാഴ്ചയോ തിങ്കളാഴ്ചയോ നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.