
തിരുവനന്തപുരം: കേരളത്തോട് പകപോക്കുന്ന രീതിയിലാണ് കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്നതെന്നും ഇതിന് പിന്തുണ നല്കുന്ന സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് അധികാരത്തിലിരിക്കുമ്പോള്‍ നാട് മുന്നോട്ട് പോകാന്‍ പാടില്ലെന്ന ഹീനബുദ്ധി മനസില്‍ വെച്ചുക്കൊണ്ടുള്ള സമീപനമാണ് ഇവര്‍ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടക്കുന്ന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭമാണ് നടക്കുന്നത്. ഈ നാടിനെ തകര്‍ക്കരുത്, നാടിന് അര്‍ഹതപ്പെട്ടത് നിഷേധിക്കരുത് എന്നാണ് കേരളം ആവശ്യപ്പെടുന്നത്. അനര്‍ഹമായ ഒന്നും കേരളം ആവശ്യപ്പെടുന്നില്ല. കേരളത്തോട് താല്പര്യമുള്ള എല്ലാവരും ഈ അവഗണനയ്ക്കെതിരെ ഒന്നിച്ചുനില്‍ക്കണം. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ചിലര്‍ ഇതിന് തയ്യാറാവുന്നില്ല. ബിജെപിയും കോണ്‍ഗ്രസും കേരളത്തോടുള്ള കേന്ദ്രത്തിന്റെ പകപോക്കലിന് കൂടെ നില്‍ക്കുകയാണ്. അത്യന്തം നിര്‍ഭാഗ്യകരമായ നിലപാടാണിത്. ഇതോടെയാണ് ഇത്തരമൊരു പോരാട്ടത്തിലേക്ക് കടക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആവശ്യം വരുമ്പോള്‍ കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ ആടയാഭരണം എടുത്തണിയാന്‍ മടിയില്ല. നാല് വോട്ടിന്റെ ചിന്തവരുമ്പോള്‍ മതനിരപേക്ഷത ദുര്‍ബലപ്പെട്ടാലും കുഴപ്പമില്ലെന്ന ചിന്തയാണ് കോകോണ്‍ഗ്രസിനെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ അടുത്ത തവണ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്ന് അമിത് ഷായുടെ പ്രഖ്യാപനം കേരളമണ്ണില്‍ യാഥാര്‍ഥ്യമാകില്ലെന്നും പിണറായി വിജയന് പറഞ്ഞു.
രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് സത്യഗ്രഹ സമരം നടക്കുന്നത്. മന്ത്രിമാരും ജനപ്രതിനിധികളും എല്‍ഡിഎഫ് നേതാക്കളും സമരത്തില്‍ അണിനിരന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുമ്പ് ഡല്‍ഹിയില്‍ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയാണ് സമരം.


