
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന്, ബ്ലോക്ക് പഞ്ചായത്തുകളിലെല്ലാം ഐക്യജനാധിപത്യമുന്നണി ആധിപത്യം നേടി. ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഏഴെണ്ണം വീതം നേടി ഒപ്പത്തിനൊപ്പമാണ്. ഗംഭീര തിരിച്ചുവരവു നടത്തിയ യുഡിഎഫ്, സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകളില്‍ നാലിടത്താണ് അധികാരത്തിലേറുന്നത്.
തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിച്ചു. 50 സീറ്റ് നേടിയ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഒരാളുടെ കൂടി പിന്തുണ മതി. 29 ഡിവിഷനില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍, 19 ഇടത്ത് യുഡിഎഫും വിജയിച്ചു. രണ്ടിടത്ത് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, മുന്‍ ഡിജിപി ആര് ശ്രീലേഖ ( എന്‍ഡിഎ), കെ എസ് ശബരിനാഥന് ( കോണ്‍ഗ്രസ് ), എസ് പി ദീപക് ( സിപിഎം), വഞ്ചിയൂര്‍ ബാബു ( സിപിഎം), മുന്‍ മേയര്‍ കെ ശ്രീകുമാര്‍ ( സിപിഎം) തുടങ്ങിയവരാണ് വിജയിച്ച പ്രമുഖര്‍. തലസ്ഥാനനഗരിയില്‍ കോര്പ്പറേഷന് ഭരണം പിടിച്ച ബിജെപിയുടെ വളര്‍ച്ച സിപിഎമ്മിനും കോണ്‍ഗ്രസിനുമേറ്റ അപ്രതീക്ഷിത തിരിച്ചടിയായി.
കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. കൊല്ലത്ത് ഇതാദ്യമായി യുഡിഎഫ് അധികാരത്തിലെത്തി. കണ്ണൂരില്‍ അധികാരം നിലനിര്‍ത്തുകയും ചെയ്തു. കൊച്ചിയില്‍ 47 സീറ്റാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് 22 ലേക്ക് ഒതുങ്ങിയപ്പോള്‍, എന്‍ഡിഎ ആറു സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു. തൃശൂരില്‍ 33 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. 13 സീറ്റില്‍ എല്‍ഡിഎഫും എട്ടു ഡിവിഷനുകളില്‍ എന്‍ഡിഎയും വിജയിച്ചു. കണ്ണൂരില്‍ യുഡിഎഫ്-36, എല്‍ഡിഎഫ്-15, എന്‍ഡിഎ- 4, മറ്റുള്ളവര്‍-1 എന്നിങ്ങനെയാണ് കക്ഷിനില.
അതേസമയം കോഴിക്കോട് കോര്‍പ്പറേഷനില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. നേരിയ മുന്‍തൂക്കമാണ് എല്‍ഡിഎഫിനുള്ളത്. ഇടതുമുന്നണി 35 ഡിവിഷന് നേടിയപ്പോള്‍ യുഡിഎഫിന് 28 സീറ്റുകളാണ് ലഭിച്ചത്. 13 ഡിവിഷനുകളില്‍ എന്‍ഡിഎയും വിജയിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മേയര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫും യുഡിഎഫും കണ്ടുവെച്ചിരുന്ന സ്ഥാനാര്‍ത്ഥികള്‍ തോറ്റു. സിപിഎമ്മിന്റെ സിപി മുസാഫര്‍ അഹമ്മദ് മീഞ്ചന്ത ഡിവിഷനില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി എം നിയാസും പരാജയം രുചിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി മഹിളാമോര്‍ച്ച് സംസ്ഥാന അധ്യക്ഷയുമായ നവ്യഹരിദാസ് വിജയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ കൊല്ലത്ത്, കോര്‍പ്പറേഷനില്‍ നടാടെയാണ് യുഡിഎഫ് അധികാരത്തിലേക്കെത്തുന്നത്. 25 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇടതുപക്ഷം 15 സീറ്റുകളിലേക്ക് ചുരുങ്ങി. എന്‍ഡിഎ ഒരു ഡിവിഷനും നേടി. മേയര്‍ ഹണി ബെഞ്ചമിനും, മുന്‍ മേയര്‍ അഡ്വ. രാജേന്ദ്രബാബുവും പരാജയപ്പെട്ടു. കൊല്ലം കോര്പ്പറേഷന് വടക്കുംഭാഗം ഡിവിഷനില്‍, യുഡിഎഫിന്റെ കുരുവിള ജോസഫിനോടാണ് മേയര്‍ ഹണി ബെഞ്ചമിന്‍ തോറ്റത്. ഉളിയക്കോവില്‍ ഈസ്റ്റ് ഡിവിഷനിലാണ് രാജേന്ദ്രബാബു പരാജയപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥി അഭിലാഷ് ആണ് വിജയിച്ചത്.
പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റം
കേരളത്തിലെ ആകെ ഗ്രാമപഞ്ചായത്തുകളില്‍ 495 എണ്ണം യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍, എല്‍ഡിഎഫിന് 343 എണ്ണമേ വിജയിക്കാനായുള്ളൂ. എന്‍ഡിഎ 25 ഇടത്ത് നേടി. ആറിടത്ത് മറ്റുള്ളവരും നേട്ടമുണ്ടാക്കി. ബ്ലോക്ക് പഞ്ചായത്തുകളില്‍ 78 എണ്ണം യുഡിഎഫും, 64 എണ്ണം എല്‍ഡിഎഫും കരസ്ഥമാക്കി. മുനിസിപ്പാലിറ്റികളില്‍ 54 എണ്ണമാണ് യുഡിഎഫിനൊപ്പം നിന്നത്. 28 എണ്ണം ഇടതുപക്ഷത്തും നിലയുറപ്പിച്ചു. രണ്ടിടത്ത് എന്‍ഡിഎ അധികാരം നേടി. പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണം നിലനിര്‍ത്തിയപ്പോള്‍, തൃപ്പൂണിത്തുറയില്‍ ബിജെപി അധികാരം പിടിച്ചെടുക്കുകയായിരുന്നു.


