അബുദാബി: യുഎഇയിൽ ചൂട് വർധിക്കുന്നു. മെയ് 31ന് അൽഐനിലെ അൽറൗദയിൽ 49.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ രേഖപ്പെടുത്തിയത് 45 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാണ്. അന്തരീക്ഷ ഈർപ്പം 100 ശതമാനമായി ഉയരുന്നതും ഉഷ്ണം കൂട്ടും. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
അൽഐനിൽ ഇന്നലെ അനുഭവപ്പെട്ട കൂടിയ ചൂട് 48 ഡിഗ്രി സെൽഷ്യസായിരുന്നു. ഫുജൈറയിലും അൽഐനിലുമാണ് ഇന്നലെ കൂടിയ താപനില രേഖപ്പെടുത്തിയത്. വേനൽക്കാലങ്ങളിൽ യുഎഇയിൽ ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നത് ആദ്യമല്ല. 2023 ജൂലൈ 16ന് അബുദാബിയുടെ പടിഞ്ഞാറൻ പ്രദേശമായ അൽ ദഫ്രയിൽ താപനില 50.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. 2021 ജൂൺ ആറിന് അൽഐൻ സ്വൈഹാനിലും 2017ൽ മെസൈറിലും താപനില 51.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.