
ദുബൈ: പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി യു എ ഇ. വെടിക്കെട്ട് മുതൽ വിവിധ ആഘോഷ പരിപാടികളാണ് വിവിധ ഇടങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പൊതു ജനങ്ങളുടെ യാത്ര സൗകര്യത്തിനായി മെട്രോയുടെ സമയം നീട്ടിയതായും സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ദുബൈ മെട്രോ ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന മെട്രോ സർവീസുകൾ ജനുവരി 1 വ്യാഴാഴ്ച അർധരാത്രി 11.59 വരെയുണ്ടാകും. അതായത് തുടർച്ചയായി 43 മണിക്കൂർ മെട്രോ സർവീസ് നടത്തും. ഈ സേവനം റെഡ്, ഗ്രീൻ ലൈനുകളിൽ ലഭ്യമാകും. ദുബൈ ട്രാമും ബുധനാഴ്ച രാവിലെ 6 മുതൽ വെള്ളിയാഴ്ച പുലർച്ചെ 1 മണി വരെ സർവീസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ബുർജ് ഖലീഫ ഉൾപ്പെടെയുള്ള 40 കേന്ദ്രങ്ങളിൽ 43 വെടിക്കെട്ട് പ്രദർശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ ആയിരക്കണക്കിന് പൊലീസിനേയും പട്രോളിങ് വാഹനങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 31 ന് വൈകുന്നേരം നാല് മുതൽ ബുർജ് ഖലീഫ പരിസരത്തെ റോഡുകളും രാത്രി 11 മണിയോടെ ദുബൈ ശൈഖ് സായിദ് റോഡും അടക്കും. ആഘോഷ പരിപാടികൾ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നേരത്തെ സ്ഥലങ്ങളിൽ എത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.


