
അബുദാബി: വിശുദ്ധ റമദാൻ മാസം ആരംഭിക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ പൗരന്മാർക്കും താമസക്കാർക്കും ലോകമെമ്പാടുമുള്ള മുസ്ലിംകൾക്കും ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ. വ്യാഴാഴ്ചയാണ് വ്രതാനുഷ്ഠാനത്തിന് തുടക്കമാകുന്നത്. പ്രാർത്ഥനയുടെയും ആത്മപരിശോധനയുടെയും ഒത്തുചേരലിന്റെയും മാസമാണ് റമദാനെന്ന് നേതാക്കൾ തങ്ങളുടെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്സിലൂടെ ആശംസകൾ പങ്കുവെച്ചു. “വിശുദ്ധ റമദാൻ മാസത്തിന്റെ വരവോടെ, യുഎഇയിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ളവർക്കും ഞാൻ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. റമദാൻ ആത്മപരിശോധനയുടെയും ഉദാരതയുടെയും സമയമാണ്. കുടുംബങ്ങൾക്കും സമൂഹങ്ങൾക്കുമിടയിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള അവസരം കൂടിയാണിത്-‘ അദ്ദേഹം കുറിച്ചു.
“വിശുദ്ധ റമദാൻ പ്രമാണിച്ച് യുഎഇയിലെ ജനങ്ങൾക്കും എല്ലാ അറബ്-മുസ്ലിം സമൂഹങ്ങൾക്കും ഞങ്ങൾ ഊഷ്മളമായ ആശംസകൾ നേരുന്നു. ഉദാരതയുടെയും കരുണയുടെയും കുടുംബബന്ധങ്ങളുടെയും ആത്മീയമായ ചിന്തകളുടെയും അനുഗൃഹീത കാലമാണിത്. അള്ളാഹു ഈ മാസത്തെ സമാധാനവും സുരക്ഷയും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ, നമ്മുടെ സൽകർമ്മങ്ങൾ സ്വീകരിക്കട്ടെ’- യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദേശത്തിൽ കുറിച്ചു. വ്യാഴാഴ്ച വ്രതാരംഭം കുറിക്കുന്നതോടെ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും പള്ളികളും നഗരങ്ങളും റമദാൻ വരവേൽപ്പിനായി ഒരുങ്ങിക്കഴിഞ്ഞു. ഓഫീസ് സമയങ്ങളിലും സ്കൂൾ സമയങ്ങളിലും വരുത്തിയ മാറ്റങ്ങൾ ഇതിനകം തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.


