ദുബായ്: 2023ല്‍ നടക്കുന്ന ഇരുപത്തി എട്ടാമത് യുഎന്‍ കാലാവസ്ഥാ സമ്മേളനം (സിഒപി 28) സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് കോണ്‍ഫറന്‍സ് ഓഫ് ദി പാര്‍ട്ടീസിന്റെ ഇരുപത്തി എട്ടാമത് എഡിഷന് നടത്താന്‍ രാജ്യം അപേക്ഷ സമര്‍പ്പിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ആഗോള തലത്തില്‍ കാലാസ്ഥാ, പരിസ്ഥിതി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള രാഷ്ട്ര നേതാക്കളുടെ സമ്മേളനമാണിത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് വിവിധ രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നും തങ്ങളുടെ അപേക്ഷ സ്വീകരിക്കപ്പെട്ടുവെന്ന സന്തോഷ വാര്‍ത്ത രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അപേക്ഷ സ്വീകരിക്കപ്പെടുന്ന പക്ഷം സമ്മേളനം നടത്താന്‍ രാജ്യം സര്‍വ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. സമ്മേളനം നടത്താനുള്ള രാജ്യത്തിന്റെ സന്നദ്ധത പ്രഖ്യാപിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രിം കമാന്ററുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും രംഗത്തെത്തി. ഇദ്ദേഹവും ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. ലോകം നേരിട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ നടക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ആഗോള സഹകരണത്തിന് ശക്തമായ പിന്തുണ നല്കുന്ന രാജ്യമെന്ന നിലയ്ക്ക് സമ്മേളനം നടത്താന്‍ യുഎഇക്ക് എല്ലാ സാധ്യതകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.