അബുദാബി: യു.എ.ഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നിലൊന്നായി കുറഞ്ഞു. ഡിസംബർ ആദ്യവാരം മുതൽ ഈ മാസം 15 വരെ ശരാശരി 35,000 രൂപയായിരുന്നത് ഇന്ന് മുതൽ 12,500 രൂപയായി. ഓരോ വിമാനക്കമ്പനികളുടേയും നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ട്. അതേസമയം യാത്രക്കാരുടെ വർദ്ധനവ് കണക്കിലെടുത്ത് കേരളത്തിൽ നിന്നും യു.എ.ഇയിലേക്കുള്ള ടിക്കറ്റിന് 27,000 രൂപയാണ് ഈടാക്കുന്നത്.
ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വൺവേ യാത്രയുടെ ശരാശരി നിരക്ക് 12,500 രൂപയാണ്. നാലംഗ കുടുംബത്തിന് നാട്ടിലേക്ക് പോകാൻ 50,000 രൂപയാകും. 25-ന് ശേഷമാണ് യാത്രയെങ്കിൽ 8,000 രൂപയ്ക്ക് വൺവേ ടിക്കറ്റ് ലഭിക്കും. നാലംഗ കുടുംബത്തിനുള്ള ടിക്കറ്റിന് 32,000 രൂപ മതി. അബുദാബി വഴിയാണ് യാത്രയെങ്കിൽ നിരക്ക് കൂടുകയും ഷാർജ വഴിയാണെങ്കിൽ നിരക്ക് കുറയുകയും ചെയ്യും.
എന്നാൽ തിരികെ പോകണമെങ്കിൽ തുകയുടെ രണ്ടോ മൂന്നോ ഇരട്ടി നൽകണം. ഇന്ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകണമെങ്കിൽ 31,000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്. 55,000 രൂപ വരെ ഈടാക്കുന്ന വിമാനക്കമ്പനികളുമുണ്ട്. ഇത് പ്രകാരം നാലംഗ കുടുംബത്തിന് കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്ക് ഒന്നര ലക്ഷം മുതൽ രണ്ടര ലക്ഷം രൂപ വരെ നൽകേണ്ടി വരും.