ദുബായ്: സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങളെ കണ്ടെത്താൻ ഓൺലൈൻ സംവിധാനം. 50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ മാസം സ്വദേശികളെ റിക്രൂട്ട് ചെയ്യേണ്ടത്. മലയാളികളുടെയും ഇന്ത്യക്കാരുടെയും ഉൾപ്പെടെ 13,000-ലധികം സ്ഥാപനങ്ങൾ യുഎഇയിലുണ്ട്. ഈ സ്ഥാപനങ്ങളിൽ നേരിട്ട് പരിശോധന നടത്തും. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. സ്വദേശി നിയമനത്തിൽ കൃത്രിമം കാണിക്കുകയോ നാമമാത്രമായ നിയമനത്തിലൂടെ അധികാരികളെ കബളിപ്പിക്കുകയോ ചെയ്താൽ കമ്പനി ഫയൽ പ്രോസിക്യൂഷനു കൈമാറുമെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു.
നിയമം അനുസരിച്ച് 50 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ 2 ശതമാനം സ്വദേശികളായിരിക്കണം. ഈ വർഷം അവസാനിക്കുന്നതിനു മുമ്പ് അവർ ഏറ്റവും മികച്ച തസ്തികയിലേക്കുള്ള നിയമനം പൂർത്തിയാക്കേണ്ടതുണ്ട്. സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനുള്ള കാലയളവിനെ കുറിച്ച് കമ്പനികളെ ഓർമിപ്പിച്ചുകൊണ്ട് മന്ത്രാലയം ഒരു ‘കൗണ്ട് ഡൗൺ’ ആരംഭിച്ചു. ജനുവരി 10നു ശേഷം പരിശോധന ആരംഭിക്കും.
സ്വദേശിവൽക്കരണം യാഥാർത്ഥ്യമാക്കിയ കമ്പനികൾക്ക് ഓരോ സ്വദേശിയുടെയും നിയമനത്തിന് നാഫിസ് വഴി 6,000 ദിർഹം സഹായമായി ലഭിക്കും. ജോലി നൽകാതെ നിയമന ഫയൽ പേരിനുമാത്രം കെട്ടിച്ചമയ്ക്കുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നും ഉദ്യോഗസ്ഥർ ഓർമിപ്പിച്ചു.