ദുബായ്: അമുസ്ലിങ്ങളായ ദമ്പതികൾക്ക് സിവില്‍ മാര്യേജ് ലൈസന്‍സ് അനുവദിച്ച് യുഎഇ. കാനഡക്കാരായ ദമ്പതികള്‍ക്കാണ് യുഎഇ ലൈസന്‍സ് അനുവദിച്ചത്. സ്റ്റേറ്റ് മീഡിയയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഒരു കോടിയോളം ജനസംഖ്യയുള്ള നാടാണ് യുഎഇ. ഇതിൽ 90 ശതമാനവും വിദേശികളാണ്. ഈ സാഹചര്യത്തിലാണ് വിദേശികൾക്കും മുസ്ലിം ഇതര വിഭാഗക്കാര്‍ക്കും വേണ്ടി രാജ്യ നിയമങ്ങളില്‍ യുഎഇ മാറ്റം കൊണ്ടുവരുന്നത്.
വിദേശ നിക്ഷേപം വർധിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം യുഎഇ സാമ്പത്തിക നയത്തിൽ മാറ്റങ്ങൾ സ്വീകരിച്ചിരുന്നു. വിവാഹത്തിനുമുമ്പുള്ള ഒരുമിച്ച് ജീവിതം, മദ്യം, വ്യക്തിനിയമങ്ങൾ തുടങ്ങിയ കാര്യത്തിൽ എല്ലാം യുഎഇ നേരത്തെ നിയമ ഭേദഗതി ചെയ്തിരുന്നു. നവംബര്‍ ആദ്യമാണ്
യുഎഇയില്‍ ഇസ്ലാം ഇതര വിഭാഗങ്ങളിലെ ആളുകള്‍ക്കായി പ്രത്യേക വ്യക്തിനിയമം നടപ്പാക്കിയത്. അബുദാബി ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സയെദ് അല്‍-നഹയന് ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഇസ്ലാം ഇതര മതസ്ഥര്‍ക്ക് വിവാഹം കഴിക്കാനും, വിവാഹമോചനത്തിനും സാധിക്കുന്ന തരത്തിലാണ് പുതിയ സിവില്‍ നിയമം രൂപകല്പന ചെയ്തിരിക്കുന്നത്. ഇസ്ലാമിക് നിയമങ്ങൾ അനുസരിച്ചായിരുന്നു ഇതുവരെ യുഎഇയില്‍ വിവാഹങ്ങളും വിവാഹമോചനങ്ങളും നടന്നിരുന്നത്.
ഇസ്ലാം ഇതര മതസ്ഥരുടെ കുടുംബങ്ങളിലെ കേസുകള്‍ കേൾക്കുന്നതിനായി അബുദാബിയില്‍ പുതിയ കോടതി സ്ഥാപിക്കുമെന്നും പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു. ഇംഗ്ലീഷിലും അറബിയിലുമായിരിക്കും കോടതിയുടെ പ്രവർത്തനങ്ങൾ നടക്കുക.