
ദുബൈ: 54-ാമത് ദേശീയ ദിനാഘോഷത്തിനൊരുങ്ങി യുഎഇ. എമിറേറ്റ്സ് നിവാസികളുടെ ഹൃദയത്തോട് ഏറ്റവും അടുത്ത ദിനമായ യുഎഇ ദേശീയ ദിനം ഈ വർഷം ഈദ് അൽ ഇത്തിഹാദ് എന്ന പേരിലാണ് ആഘോഷിക്കപ്പെടുന്നത്. അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ കാഴ്ചപ്പാടിലും നേതൃത്വത്തിലും 1971 ഡിസംബർ 2ന് ഏഴ് എമിറേറ്റുകൾ ഒന്നിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഈദ് അൽ ഇത്തിഹാദ്.
രാജ്യത്തിന്റെ അവിശ്വസനീയമായ യാത്ര ആഘോഷിക്കുന്ന സുപ്രധാന ദിനമാണിത്. നാല് ദിവസം നീണ്ടുനിൽക്കുന്ന വാരാന്ത്യ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വർഷത്തെ രാജ്യവ്യാപക ആഘോഷങ്ങളുടെ തീം ‘യുണൈറ്റഡ്’ ആണ്. ഡിസംബർ 2 ന് യുഎഇയിലുടനീളമുള്ള സ്ഥലങ്ങളിൽ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളും ഔദ്യോഗിക ചടങ്ങുകളും തത്സമയം കാണാൻ സാധിക്കും.
ദുബൈ അൽ ഖവാനീജ്, ഗ്ലോബൽ വില്ലേജ്, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിൽ ചടങ്ങ് കാണാൻ ആളുകൾക്ക് ഒത്തുചേരാം. ഡിസംബർ 2ന് ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിലെ ഫെസ്റ്റിവൽ ബേയിൽ എമിറാത്തി ഗായിക-നടി ബൽഖീസ് ലൈവ് കൺസേർട്ട് നടത്തും.


