ഇസ്ലാമാബാദ് : 13 രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസ നൽകുന്നത് യു എ ഇ നിർത്തിവെച്ചതോടെ 3000 ഓളം പാകിസ്താനികൾക്ക് തൊഴിൽ വിസ നഷ്ടപ്പെട്ടു. പാക് മാദ്ധ്യമങ്ങൾ തന്നെയാണ് നിരോധനം പ്രാബല്യത്തിൽ വന്നതിനുശേഷം മാത്രം 3000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായി പറയുന്നുത്. സാമ്പത്തിക ബുദ്ധിമുട്ടിൽ നട്ടം തിരിയുന്ന പാകിസ്താന് ഇത് വലിയ തിരിച്ചടിയാകും .
വിസ നിരോധനം തുടക്കത്തിൽ ടൂറിസ്റ്റ് വിസകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഇത് തൊഴിൽ വിസകളിലേക്കും വ്യാപിപ്പിച്ചു. ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് എൻട്രി പെർമിറ്റ് ആപ്ലിക്കേഷനുകൾ (രാജ്യത്തിന് പുറത്തുള്ള വ്യക്തികൾക്കായി) പുറത്തിറക്കിയ ഏറ്റവും പുതിയ സർക്കുലർ അനുസരിച്ച്, പുതിയ തൊഴിൽ വിസയ്ക്കും പുതിയ വിസിറ്റ് വിസയ്ക്കുമുള്ള അപേക്ഷകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവയ്ക്കുകയാണ് .
2019 ലെ കണക്കനുസരിച്ച് ഏകദേശം 2.11 ലക്ഷം പാകിസ്താനികൾ യുഎഇയിൽ ജോലി ചെയ്യുകയും വർഷത്തിൽ 4 ബില്യൺ ഡോളർ പാകിസ്താനിലേയ്ക്ക് അയയ്ക്കുകയും ചെയ്യുന്നു. പാകിസ്താനോടൊപ്പം മറ്റ് 12 രാജ്യങ്ങൾക്കും പുതിയ വിസ നൽകുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ മറ്റ് ഗൾഫ് രാജ്യങ്ങളും പാകിസ്താനിൽ നിന്നുള്ളവർക്ക് വിസ നിഷേധിക്കാൻ സാദ്ധ്യതയുണ്ട് .
ഈ മാസം 18 മുതലാണ് വിസ നിരോധനം പ്രാബല്യത്തിൽ വന്നത് . പാകിസ്താൻ കൂടാതെ ഇറാൻ, സിറിയ, സൊമാലിയ, അഫ്ഗാനിസ്താൻ, അൽജീരിയ, കെനിയ, ഇറാഖ്, ലെബനൻ, ട്യുനീഷ്യ, തുർക്കി, ലിബിയ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസ നൽകുന്നത് നിർത്തിവെച്ചത്