വാഷിംഗ്ടൺ: പാലസ്തീനുമായി നല്ല ബന്ധം സ്ഥാപിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നെന്ന് ബൈഡൻ ഭരണകൂടം. ഐക്യരാഷ്ട്ര സഭയിലെ യു.എസ് ആക്ടിംഗ് പ്രതിനിധി റിച്ചാർഡ് മിൽസാണ് രക്ഷാസമിതിയിൽ ഇക്കാര്യമറിയിച്ചത്. പാലസ്തീനിൽ നയതന്ത്ര കാര്യാലയം ആരംഭിക്കാൻ അമേരിക്ക സന്നദ്ധമാണ്. പാലസ്തീൻ ജനതയുടെ സാമ്പത്തിക വികസനത്തിനും മറ്റ് സഹായപ്രവർത്തനങ്ങൾക്കും ആവശ്യമാകുന്ന പദ്ധതികൾ പുനഃസ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായും റിച്ചാർഡ് മിൽസ് വ്യക്തമാക്കി. ട്രംപ് ഭരണകൂടം അവസാനിപ്പിച്ച പാലസ്തീനുമായുള്ള നയതന്ത്ര നടപടികൾ പുനഃനാരംഭിക്കാനാണ് ബൈഡൻ ഭരണകൂടത്തിന്റെ നീക്കം. കൂടാതെ, പാലസ്തീന് സാമ്പത്തിക സഹായം നൽകുന്നത് പുനഃസ്ഥാപിക്കാനും അമേരിക്കയ്ക്ക് പദ്ധതിയുണ്ട്.
2018ൽ പാലസ്തീനുള്ള 200 മില്യൺ ഡോളറിന്റെ സഹായം ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിരുന്നു. കൊവിഡിനെ തടുക്കാൻ കൂടുതൽ നടപടികൾ അമേരിക്കയിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ നടപടികൾ ആവിഷ്കരിക്കുകയാണ് പ്രസിഡന്റ് ജോ ബൈഡൻ. മറ്റ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് എത്തുന്നവർക്ക് കൊവിഡ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാക്കുകയും യാത്രാവിലക്കുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു. കൂടാതെ, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തുന്ന എക്സിക്യൂട്ടിവ് ഉത്തരവിൽ ബൈഡൻ ഒപ്പുവെച്ചു. യൂറോപ്പ്, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് നിലവിലുണ്ടായിരുന്ന യാത്രാ നിയന്ത്രണം തുടരുമെന്നും ഉത്തരവിലുണ്ട്. വൈറസ് വ്യാപനം തടയുകയാണ് പുതിയ ഉത്തരവുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉത്തരവ് 26 മുതൽ നിലവിൽ വന്നു. ഈ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം ട്രംപ് അധികാരം ഒഴിയുന്നതിനു മുമ്പ് ഒഴിവാക്കിയിരുന്നു.