
പാരീസ്: രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് മഹാനായ അലക്സാണ്ടുടെ കപ്പലുകൾ ബഹ്റൈൻ തീരത്ത് നങ്കൂരമിട്ടതു മുതൽ തുടങ്ങുന്ന, ബഹ്റൈനും ഗ്രീസും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതായി ചൊവ്വാഴ്ച പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന ‘ദി കൾചർ ഓഫ് ടൈലോസ്: ബഹ്റൈനിലെ ഹെല്ലനിസ്റ്റിക് ആർക്കിയോളജി’ എന്ന സിമ്പോസിയം.
ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആന്റ് ആൻറിക്വിറ്റീസും ഗ്രീക്ക് സാംസ്കാരിക മന്ത്രാലയവും ചേർന്നാണ് യുനെസ്കോയിലെ ബഹ്റൈന്റെയും ഗ്രീസിന്റെയും സ്ഥിരം പ്രതിനിധികളുടെയും എംബസികളുടെയും സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്.


സിമ്പോസിയത്തിൽ ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസ് പ്രസിഡൻ്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, യുനെസ്കോയുടെ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ, പാരീസിലെ ബഹ്റൈൻ അംബാസഡറും യുനെസ്കോയിലെ ബഹ്റൈൻ്റെ സ്ഥിരം പ്രതിനിധിയുമായ ഇസ്സാം അബ്ദുൽ അസീസ് അൽ-ജാസിം, യുനെസ്കോയിലെ ഗ്രീസിലെ സ്ഥിരം പ്രതിനിധി ജോർജിയോസ് കൗമൗട്ട്സാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

ഈ വിശിഷ്ട വേദിയിൽ സിമ്പോസിയം നടത്തുന്നത് ജനങ്ങൾ തമ്മിൽ പങ്കിട്ട ചരിത്രം മനസ്സിലാക്കുന്നതിനുള്ള സഹകരണത്തിൻ്റെ പ്രാധാന്യത്തിന് അടിവരയിടുന്നതായി ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ പറഞ്ഞു. ഈ സുപ്രധാന പരിപാടിയുടെ സംഘാടനത്തിൽ സഹകരിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.
അറബ് റീജിയണൽ സെൻ്റർ ഫോർ വേൾഡ് ഹെറിറ്റേജ് ഡയറക്ടർ റഷാദ് ഫറജ് മോഡറേറ്ററായ സിമ്പോസിയത്തിൽ പുരാവസ്തു, ഹെല്ലനിസ്റ്റിക് ചരിത്രം, സാംസ്കാരിക നരവംശശാസ്ത്രം എന്നീ മേഖലകളിലെ പ്രശസ്തരായ അന്താരാഷ്ട്ര വിദഗ്ധരും സംബന്ധിച്ചു. നാഷണൽ സെൻ്റർ ഫോർ സയൻ്റിഫിക് റിസർച്ചിലെ ഓണററി ഗവേഷകനും ബഹ്റൈനിലെ ഫ്രഞ്ച് ആർക്കിയോളജിക്കൽ മിഷൻ്റെ മുൻ ഡയറക്ടറുമായ ഡോ പിയറി ലോംബാർഡ്, നാഷണൽ റിസർച്ച് ഫൗണ്ടേഷൻ്റെ ഗ്രീക്ക് ആൻഡ് റോമൻ ആൻ്റിക്വിറ്റി വകുപ്പിലെ റിസർച്ച് ഡയറക്ടർ ഡോ. സോഫിയ സൂംബാക്കി, നാഷണൽ സെൻ്റർ ഫോർ സയൻ്റിഫിക് റിസർച്ചിലെ റിസർച്ച് ഡയറക്ടർ ഡോ. പിയറി ലൂയിസ് ഗറ്റിയർ, ബഹ്റൈനിലെ അബു സൈബയുടെ ടൈലോസ് നെക്രോപോളിസും അതിൻ്റെ പുരാവസ്തു പ്രാധാന്യവും ലൂവ്രെ മ്യൂസിയത്തിലെ ക്യൂറേറ്റർ ഡോ. ജൂലിയൻ കുനി തുടങ്ങിയവരും സംസാരിച്ചു.
