
പത്തനാപുരം: പൊലീസ് കൺട്രോൾ റൂം വാഹനത്തിൽ മദ്യപിച്ച് പട്രോളിംഗ് നടത്തിയെന്ന ആരോപണത്തിൽ ഗ്രേഡ് എസ്.ഐ ഉൾപ്പെടെ രണ്ടു പേർക്ക് സസ്പെൻഷൻ. കൺട്രോൾ റൂം ഗ്രേഡ് എസ്.ഐ സുമേഷ്, സി.പി.ഒ മഹേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
റൂറൽ പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. കഴിഞ്ഞ നാലിന് പുലർച്ചെയായിരുന്നു സംഭവം. പത്തനാപുരത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഇരുവരെയും മദ്യപിച്ചെന്നെരോപിച്ച് ആശുപത്രി ജംഗ്ഷന് സമീപം നാട്ടുകാർ തടഞ്ഞിരുന്നു. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ഇവർ വാഹനത്തിൽ നിന്നിറങ്ങിയില്ല. തുടർന്ന് തടയാൻ ശ്രമിച്ച നാട്ടുകാരെ തട്ടിയിട്ട് വാഹനം അമിത വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. ആക്രമണത്തെക്കുറിച്ച് സ്റ്റേഷനിലോ കൺട്രോൾ റൂമിലോ ഇരുവരും അറിയിച്ചിരുന്നില്ല.
എന്നാൽ കഴിഞ്ഞ ദിവസം സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതോടെയാണ് വകുപ്പുതല അന്വേഷണം നടത്തിയത്. സുമേഷ് മുൻപും നിരവധിതവണ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിനെ തുടർന്ന് നടപടിക്ക് വിധേയനായിട്ടുണ്ട്.
