ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡയിലെ ടൊറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര് വ്യാജ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തി. പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡയാണ് ഇക്കാര്യം അറിയിച്ചത്.
കനേഡിയന്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. കനേഡിയന്‍ നിയമമനുസരിച്ച് വ്യാജ വാക്സിനേഷന് കാര്‍ഡുകള്‍ ഹാജരാക്കിയാല്‍ ക്രിമിനല്‍ ചാര്‍ജ്ജും ആറുമാസത്തെ തടവു ശിക്ഷയുമാണ് ലഭിക്കുകയെന്ന് ഏജന്‍സി പറഞ്ഞു. അതു കൂടാതെ 75000 ഡോളര്‍ വരെ പിഴ ചുമത്തുകയും ചെയ്യാം.
കോവിഡ്-19 വ്യാപകമാകുന്നതിനെതിരെ കനേഡിയന്‍ ആരോഗ്യവകുപ്പ് കർശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും വാക്സിനേഷന് സ്വീകരിച്ചവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീൻ ഒഴിവാക്കണമെങ്കില്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റും കോവിഡ് 19 പരിശോധനാഫലവും സമര്‍പ്പിക്കേണ്ടതാണ്.
