തിരുവനന്തപുരം: കേരളത്തില്‍ രണ്ട് പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകൾ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. കൊല്ലം, മഞ്ചേരി സർക്കാർ മെഡിക്കല്‍ കോളേജുകളോട് അനുബന്ധിച്ച് നഴ്സിംഗ് കോളേജ് ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയെന്ന് മന്ത്രി അറിയിച്ചു.
ഇതോടൊപ്പം നഴ്സിംഗ് കോളേജ് ആരംഭിക്കുന്നതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനും അനുമതി നല്കി. ഓരോ നഴ്സിംഗ് കോളേജിനും 18 വീതം ആകെ 36 തസ്തികകള്‍ സൃഷ്ടിക്കാനാണ് അനുമതി നല്‍കിയത്. 2022-23 അധ്യയന വര്‍ഷത്തില്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.
നഴ്സിംഗ് കോളേജുകള്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ നഴ്സുമാരെ സൃഷ്ടിക്കുന്നതിനും ഈ മെഡിക്കല്‍ കോളേജുകളില്‍ രോഗീപരിചരണത്തിന് കൂടുതല്‍ പേരെ ലഭ്യമാക്കാനും സാധിക്കുന്നതാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നഴ്സിംഗ് കോളേജുകള്‍ ആരംഭിക്കാന്‍ സ്പെഷ്യല്‍ ഓഫീസറെ നിയോഗിച്ചിരുന്നു. ഈ സ്പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നഴ്സിംഗ് കോളേജുകള്‍ ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയത്. രണ്ട് മെഡിക്കല്‍ കോളേജുകളിലും നഴ്സിംഗ് ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലവും താത്ക്കാലിക കെട്ടിടവും ലഭ്യമാണ്.