ചെന്നൈ: തമിഴ്നാട്ടില്‍ രണ്ട് ഗുണ്ടാ നേതാക്കള്‍ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. ചെന്നൈ നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രാന്തപ്രദേശമായ ഗുഡുവഞ്ചേരിക്ക് സമീപം ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. വാഹന പരിശോധനയ്ക്കിടെ സബ് ഇൻസ്പെക്ടറെ അരിവാൾ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ച ഗുണ്ടാ നേതാക്കളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. വിനോദ്, രമേശ് എന്നിവരാണ് കൊല്ലപ്പെട്ടത്. ‘അതിരാവിലെ തന്നെ പൊലീസ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർമാരിൽ ഒരാളെ സംഘം ആക്രമിക്കുകയായിരുന്നു. ഇതേതുടർന്ന് സ്വയരക്ഷയ്ക്കായി ഉദ്യോഗസ്ഥർ അവർക്ക് നേരെ വെടിയുതിർത്തു’ താംബരം പോലീസ് കമ്മീഷണർ എ അമൽരാജ് പറഞ്ഞു.
വാഹനം തടഞ്ഞതോടെ നാലംഗ സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു. വെടിയേറ്റ് വീണ ഇരുവരേയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്ന. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. മരണപ്പെട്ട ഇരുവർക്കുമെതിരെ നിരവധി കേസുകളുണ്ട്. ഒട്ടേരി പൊലീസ് സ്റ്റേഷന് കീഴിൽ നിരവധി കൊലപാതക കേസുകളാണ് ഇവർക്കെതിരെ ഉള്ളത്. ഗുണ്ടകളുടെ ആക്രമണത്തില്‍ പോലീസ് ഇൻസ്പെക്ടർ ഓഫ് പോലീസ്, മുരുകേശൻ, പോലീസ് സബ് ഇൻസ്പെക്ടർ ശിവഗുരുനാഥൻ തുടങ്ങിയവർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്. ‘പുലർച്ചെ 3.30ന് അമിതവേഗതയിൽ വന്ന ബ്ലാക്ക് കളർ കാർ തടയാൻ ശ്രമിച്ചപ്പോൾ പോലീസ് ജീപ്പിൽ ഇടിച്ച ശേഷം നിർത്തുകയായിരുന്നു. പോലീസുകാർ കാറിനടുത്തേക്ക് എത്തിയപ്പോള്‍ നാല് പേർ കാറിൽ നിന്ന് ആയുധങ്ങളുമായി ഇറങ്ങി പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചു. അവരിൽ ഒരാൾ അരിവാൾ ഉപയോഗിച്ച് സബ് ഇൻസ്പെക്ടറുടെ ഇടത് കൈക്ക് വെട്ടി. അടുത്ത വെട്ട് തലയ്ക്കായിരുന്നെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി’ പൊലീസ് പറയുന്നു. ഇത് കണ്ടുനിന്ന ഇൻസ്പെക്ടർ അക്രമിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സബ് ഇൻസ്പെക്ടറും പിന്നാലെ മറ്റൊരു അക്രമിക്ക് നേരെ വെടിയുതിർത്തു. 10 കൊലപാതകങ്ങൾ, 15 കൊലപാതകശ്രമങ്ങൾ, 10 കവർച്ചകൾ, 15 ആക്രമണങ്ങൾ എന്നിവ ഉള്‍പ്പെടെ 15 ലേറെ കേസുകളില്‍ പ്രതിയാണ് വിനോദ്. രമേശിനെതിരേയും ഇതേ സ്റ്റേഷനില്‍ രമേശിനെതിരെ 20 ലധികം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. അഞ്ച് കൊലപാതകങ്ങൾ, ഏഴ് വധശ്രമക്കേസുകൾ, എട്ട് അടിപിടി, തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.വെടിവയ്പ്പിൽ പരിക്കേറ്റ ഇരുവരെയും ക്രോംപേട്ടിലെ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും കൊല്ലപ്പെട്ടതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. വെടിവെയ്പ്പിന് പിന്നാലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലവും ആശുപത്രിയും സന്ദർശിച്ച് കൂടുതൽ അന്വേഷണം നടത്തി.