
തിരുവനന്തപുരം: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. മോദി പങ്കെടുക്കുന്ന ചടങ്ങില്‍ ട്വന്റി ട്വന്റി കണ്‍വീനര്‍ സാബു എം ജേക്കബ് പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ട്വന്റി ട്വന്റി കണ്‍വീനര്‍ സാബു എം ജേക്കബും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ട്വന്റി ട്വന്റി പാര്‍ട്ടി വികസനം നടപ്പാക്കുന്ന പാര്‍ട്ടിയാണ്. സാബു ജേക്കബ് നാട്ടിലെ വലിയൊരു തൊഴില്‍ ദാതാവാണ്. വികസിത കേരളത്തിന്റെ വലിയൊരു ഭാഗമായി ട്വന്റി ട്വന്രി നാട്ടില്‍ തുടരണമെന്നാണ് എന്‍ഡിഎ ആഗ്രഹിക്കുന്നത്. നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഇത്തവണ വരാന്‍ പോകുന്നത്.
കഴിഞ്ഞ 10 വര്‍ഷം ഭരിച്ച ഇടതുമുന്നണി നാടിനെ നശിപ്പിച്ചുവെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ വികസിത കേരളം എന്ന എന്‍ഡിഎ മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടിന് ജനം പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു സാബു ജേക്കബും ട്വന്റി 20യും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്കെതിരെ ട്വന്റി 20 ഒറ്റക്കാണ് മത്സരിച്ചത്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം അടക്കം നാലു പഞ്ചായത്തുകളില്‍ ട്വന്റി 20 അധികാരം പിടിക്കുകയും ചെയ്തിരുന്നു.


