
ന്യൂഡൽഹി: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ചുമതലയേൽക്കുന്ന ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പങ്കെടുക്കും. ജനുവരി 20നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. വൈസ് പ്രഡിഡന്റായി ജെ ഡി വാൻസും ഇതേദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.ഇന്ത്യയും യുഎസും തമ്മിലെ നയതന്ത്രബന്ധത്തെ ഊട്ടിയുറപ്പിക്കാൻ ജയ്ശങ്കറിന്റെ സന്ദർശനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ ഭരണകൂട പ്രതിനിധികളുമായി അദ്ദേഹം ചർച്ചകൾ നടത്തുമെന്നും റിപ്പോർട്ടുണ്ട്. ചടങ്ങിലെത്തുന്ന അന്താരാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്. ജയ്ശങ്കർ ചടങ്ങിൽ പങ്കെടുക്കുന്ന വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയം തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.അർജന്റീന പ്രസിഡന്റ് ജാവിയർ മിലെ, ജാപ്പനീസ് വിദേശകാര്യ മന്ത്രി തകേഷി ഇവായ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, മുൻ ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബോൽസോനാരോ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് തുടങ്ങിയവർക്കും ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണമുണ്ട്.അമേരിക്കയുടെ 47ാമത് പ്രസിഡന്റായി നാലുവർഷത്തിനുശേഷമാണ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിന്റെ പടി ചവിട്ടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും ജോ ബൈഡനോട് പരാജയപ്പെടുകയായിരുന്നു. അധികാരത്തിലെത്തുന്നതോടെ 127 വർഷത്തിനുശേഷം, തുടർച്ചയായല്ലാതെ വീണ്ടും അമേരിക്കൻ പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്. എക്കാലത്തെയും ചരിത്ര വിജയമാണ് തന്റേതെന്നും അമേരിക്കയെ സുവർണ കാലത്തിലേക്ക് നയിക്കുമെന്നുമാണ് തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ട്രംപ് പറഞ്ഞത്.
