
ന്യൂഡൽഹി: എച്ച് വൺ ബി വിസയുടെ വാർഷിക ഫീസ് 1,00,000 ഡോളർ (ഏകദേശം 88,09,180 രൂപ) ഈടാക്കാനുള്ള യുഎസ് നടപടി ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യക്ക് ഗുണകരമായി മാറിയേക്കാമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ഈ വിഷയത്തിൽ നിരാശാജനകമായ കാഴ്ചപ്പാട് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതൊരു അപ്രതീക്ഷിത പ്രഹരമായിരുന്നുവെന്നും ഹ്രസ്വകാലത്തേക്ക് ചില വ്യക്തികളെയും കമ്പനികളെയും ബാധിക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയെ ശക്തിപ്പെടുത്തിയേക്കാമെന്നും തരൂർ പറഞ്ഞു. ഈ വിഷയത്തിൽ നമ്മൾ നിരന്തരം ഇരകളാണെന്ന് സ്വയം കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയിൽ ആവശ്യത്തിന് എഞ്ചിനീയറിങ് ബിരുദധാരികളും സോഫ്റ്റ്വെയർ പ്രൊഫഷണലുകളും ഇല്ല. നിലവിൽ യുഎസിൽ ചെയ്യുന്ന കമ്പനികളുടെ ചില ജോലികൾ ഇംഗ്ലണ്ടിലെയും അയർലൻഡിലെയും, ഒരുപക്ഷേ ഫ്രാൻസിലെയും ജർമ്മനിയിലെയും ഈ കമ്പനികളുടെ മറ്റു ശാഖകളിലേക്ക് ഔട്ട്സോഴ്സ് ചെയ്യപ്പെടാനും, ഒരുപക്ഷേ അതിലേറെ ഇന്ത്യയിലേക്ക് വരാനുമാണ് സാധ്യതയെന്നും തരൂർ നിരീക്ഷിക്കുന്നു.
ട്രംപ് മനഃപൂർവം ഇന്ത്യയെ ലക്ഷ്യമിടുകയാണോ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയില്ലെന്ന് മറുപടി നൽകിയ തരൂർ ട്രംപിനെ പൂർണ്ണമായി മനസ്സിലാക്കാനോ അദ്ദേഹത്തിന്റെ അടുത്ത നീക്കം പ്രവചിക്കാനോ കഴിയുമെന്ന് അവകാശപ്പെടുന്ന വ്യക്തി ഇതുവരെ ജനിച്ചിട്ടില്ലെന്നും പറഞ്ഞു.
