
ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഇന്ത്യയുടെ വിവിധ മേഖലകള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന് ആശങ്ക. ഇലക്ട്രോണിക്സ്, ജനറിക് മരുന്നുകള്‍, ആഭരണങ്ങള്‍, വാഹന ഘടകങ്ങള്‍ തുടങ്ങിയ വ്യവസായങ്ങളെ ഇത് കാര്യമായി ബാധിച്ചേക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫെബ്രുവരിയിലെ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് ശേഷം യുഎസുമായി വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെട്ട ആദ്യ രാജ്യങ്ങളിലൊന്നായിരുന്നിട്ടും, ഇളവുകള്‍ ലഭിക്കുമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് ഈ പ്രഖ്യാപനം തിരിച്ചടിയായി. വിയറ്റ്നാമിന് 20% താരിഫും ഇന്തോനേഷ്യക്ക് 19% ഉം ജപ്പാന് 15% ഉം ആണ് താരിഫ്. താരിഫ് 25 ശതമാനം കവിയുകയാണെങ്കില്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 10 ശതമാനം വരുന്ന ഇന്ത്യയുടെ മൊത്തം കയറ്റുമതിയെ ഇത് ബാധിക്കുമെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2024-ല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 129.2 ബില്യണ്‍ ഡോളറായിരുന്നു.
ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കാന്‍ സാധ്യതയുള്ള മേഖലകള്‍:
രത്നങ്ങളും ആഭരണങ്ങളും
ഈ മേഖലയില്‍ നിന്ന് 10 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി യുഎസിലേക്ക് നടക്കുന്നുണ്ട്. പുതിയ താരിഫ്, ചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയും, ഷിപ്പ്മെന്റുകള്‍ വൈകിക്കുകയും, വിലകളെ താളം തെറ്റിക്കുകയും, തൊഴിലാളികള്‍ മുതല്‍ വലിയ നിര്‍മ്മാതാക്കള്‍ വരെയുള്ള എല്ലാ ഭാഗങ്ങളിലും വലിയ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും.
ഫാര്‍മസ്യൂട്ടിക്കല്‍സ്
പേറ്റന്റ് ഇല്ലാത്ത മരുന്നുകളുടെ യുഎസിലേക്കുള്ള ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ഇന്ത്യ. പ്രതിവര്‍ഷം ഏകദേശം 8 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഈ മേഖലയില്‍ നിന്ന് നടക്കുന്നത്. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്, സിപ്ല ലിമിറ്റഡ് തുടങ്ങിയ രാജ്യത്തെ ഏറ്റവും വലിയ കമ്പനികളില്‍ പലതിനും യുഎസില്‍ നിന്ന് അവരുടെ വരുമാനത്തിന്റെ 30 ശതമാനമെങ്കിലും ലഭിക്കുന്നുണ്ട്.
ടെക്സ്റ്റൈല്‍സ്, വസ്ത്രങ്ങള്‍
ഇന്ത്യയിലെ ഹോം ഫാബ്രിക്സ്, വസ്ത്രങ്ങള്‍, ഷൂ നിര്‍മ്മാതാക്കള്‍ എന്നിവര്‍ ദ ഗ്യാപ് ഇന്ക്., പെപെ ജീന്‍സ്, വാള്‍മാര്‍ട്ട് ഇന്ക്., കോസ്റ്റ്കോ ഹോള്‍സെയില്‍ കോര്പ്പറേഷന് തുടങ്ങിയ വലിയ യുഎസ് റീട്ടെയിലര്‍മാരുടെ ആഗോള വിതരണ ശൃംഖലകളുടെ ഭാഗമാണ്. വിയറ്റ്നാം പോലുള്ള രാജ്യങ്ങളെക്കാള്‍ കുറഞ്ഞ താരിഫ് നേരത്തെ ഇന്ത്യ ഈ മേഖലയ്ക്ക് വേണ്ടി ആവശ്യപ്പെട്ടിരുന്നു. താരിഫ് ഈ മേഖലയ്ക്ക് ഒരു ‘കനത്ത വെല്ലുവിളി’ ഉയര്‍ത്തുന്നുവെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്സ്റ്റൈല്‍ ഇന്‍ഡസ്ട്രി വ്യക്തമാക്കി.
ഇലക്ട്രോണിക്സ്
ചൈനയെ പിന്തള്ളി യുഎസില്‍ വില്‍ക്കുന്ന സ്മാര്‍ട്ട്ഫോണുകളുടെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറിയിരുന്നു. ആപ്പിള്‍ എഫോണുകള്‍ ഇന്ത്യയില്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങിയതാണ് ഇതിന് കാരണം. ഏറ്റവും പുതിയ താരിഫ് ഈ നേട്ടത്തെ അപകടത്തിലാക്കിയേക്കാം.
ഇന്ത്യന്‍ റിഫൈനറികള്‍
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് തുടങ്ങിയ പൊതുമേഖലാ റിഫൈനറികള്‍ക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പോലുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും പുതിയ താരിഫ് കാരണം നഷ്ടം സംഭവിച്ചേക്കാം. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ഏകദേശം 37% റഷ്യയില്‍ നിന്നാണ്. ഇതിന് വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കാണ്. റഷ്യന്‍ ക്രൂഡ് ലഭ്യമല്ലാതായാല്‍ ഇറക്കുമതി ചെലവ് വര്‍ദ്ധിക്കുകയും റിഫൈനറികളുടെ ലാഭം കുറയ്ക്കുകയും ചെയ്യും.
