
വാഷിംഗ്ടണ്‍: അഞ്ച് ബില്യൺ ഡോളർ വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിബിസിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ പ്രസംഗത്തിലെ ഒരു ഭാഗം തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിൽ എഡിറ്റ് ചെയ്തതിന് യുകെ ബ്രോഡ്കാസ്റ്ററായ ബിബിസി മാപ്പ് പറഞ്ഞെങ്കിലും സാമ്പത്തിക നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ നിര്‍ണായക നീക്കം. ബിബിസി തന്റെ അപകീർത്തി ആരോപണം തള്ളിക്കളഞ്ഞെങ്കിലും, തർക്കത്തിൽ നിന്ന് പിന്നോട്ട് പോകാൻ ട്രംപ് തയാറല്ലെന്നാണ് സൂചന. വിഷയത്തിൽ ബിബിസി ഉദ്യോഗസ്ഥർ പലരും സ്ഥാനമൊഴിഞ്ഞിട്ടും, ഈ സംഭവം ലണ്ടനുമായുള്ള ബന്ധം സങ്കീർണ്ണമാക്കുമോ എന്ന ആശങ്ക വർദ്ധിക്കുന്നതിനിടയിലും തർക്കം തുടരുകയാണ്.
“ഞങ്ങൾ ഒരു ബില്യൺ മുതൽ അഞ്ച് ബില്യൺ ഡോളർ വരെ ആവശ്യപ്പെട്ട് അവർക്കെതിരെ കേസ് കൊടുക്കും, അടുത്ത ആഴ്ചയോടെ അത് ഉണ്ടാകും. എനിക്കിത് ചെയ്യേണ്ടിവരുമെന്ന് ഞാൻ കരുതുന്നു. അവർ പറ്റിച്ചതായി സമ്മതിക്കുക പോലും ചെയ്തിരിക്കുന്നു,” എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു. ട്രംപ് ആവശ്യപ്പെടുന്ന തുക ബിബിസിയുടെ വാർഷിക വരുമാനത്തിന്റെ ഏകദേശം 13 ശതമാനത്തോളം വരും. ബിബിസിയുടെ വരുമാനം പ്രധാനമായും ബ്രിട്ടീഷ് പൊതുജനങ്ങളിൽ നിന്ന് പിരിക്കുന്ന ലൈസൻസ് ഫീസ് വഴിയാണ് ലഭിക്കുന്നത്.
തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത പ്രസംഗം ഉൾപ്പെടുത്തിയതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ബിബിസി മാപ്പ് പറഞ്ഞിരുന്നു. എന്നാൽ, അപകീർത്തിക്കേസിന് അടിസ്ഥാനമില്ലെന്ന് പറഞ്ഞ് ട്രംപിന്റെ നഷ്ടപരിഹാര ആവശ്യം ബിബിസി തള്ളി. ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തതിന്റെ പേരിൽ കോർപ്പറേഷൻ ചെയർമാൻ സമീർ ഷാ വൈറ്റ് ഹൗസിലേക്ക് ഒരു വ്യക്തിഗത കത്തയച്ചു എന്നും മാപ്പ് ചോദിച്ചു എന്നും ബിബിസി പ്രസ്താവനയിൽ അറിയിച്ചു.


