
മനാമ: ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ)യുമായി സഹകരിച്ച് വിസിറ്റ് ബഹ്റൈന്‍ സോളിമാര് ഹോട്ടലില്‍ സംഘടിപ്പിച്ച യുണീക്ക് ട്രാവല്‍ ഫെയര്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ചു. റഷ്യ, കസാക്കിസ്ഥാന്‍, അര്‍മേനിയ, അസര്ബൈജാന്, ഉക്രെയ്ന് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 150 ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാന, വിനോദ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു.
ബിസിനസുകള്‍ക്ക് സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഇടപാടുകാരുമായും ട്രാവല്‍ ഏജന്റുമാരുമായും ഇടപഴകാനും പങ്കാളിത്തം സ്ഥാപിക്കാനുമുള്ള ഒരു വേദിയാണ് മേളയെന്ന് ബി.ടി.ഇ.എ. സി.ഇ.ഒ. സാറ അഹമ്മദ് ബുഹെജ്ജി പറഞ്ഞു. രാജ്യത്തെ ഒരു ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റാനും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനും ലക്ഷ്യമിടുന്ന ബഹ്റൈന്റെ ടൂറിസം സ്ട്രാറ്റജി 2022- 2026 യുമായി ഇത് യോജിക്കുന്നു. ടൂറിസം ബിസിനസ് പുതിയ വിപണികളിലേക്ക് വ്യാപിപ്പിക്കാനും അന്താരാഷ്ട്ര ടൂറിസം സ്ഥാപനങ്ങളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനുമുള്ള സ്വകാര്യ മേഖലയുടെ ശ്രമങ്ങളെ അവര്‍ പ്രശംസിച്ചു.
പ്രീമിയം യാത്രാകേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം ഈ പരിപാടി ശക്തിപ്പെടുത്തുന്നുവെന്ന് വിസിറ്റ് ബഹ്റൈന്‍ സി.ഇ.ഒ. അലി അംറുല്ല പറഞ്ഞു.
രണ്ടു ദിവസത്തെ മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ യാത്രാ പാക്കേജുകള്‍ അവതരിപ്പിക്കുന്ന ഒരു വര്‍ക്ക്ഷോപ്പ് ഉണ്ടായിരുന്നു. ബഹ്റൈനി പ്രദര്‍ശകര്‍ അവരുടെ സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ബഹ്റൈന്റെ സാംസ്കാരിക പൈതൃകം, ആകര്ഷണങ്ങള്, ആഡംബര ആതിഥ്യം, വര്‍ഷം മുഴുവനുമുള്ള പരിപാടികള്‍ എന്നിവ എടുത്തുകാണിക്കുന്ന പ്രമോഷണല്‍ മെറ്റീരിയലുകള്‍ വിതരണം ചെയ്യുകയുമുണ്ടായി.
