
തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ നടപടി പിൻവലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ കെ എസ് ആർ ടി സി വിജിലൻസ് വിഭാഗത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ് പിൻവലിച്ചത്. വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് വിവാദ നടപടി പിൻവലിച്ച് ഉത്തരവിറക്കിയത്. വ്യക്തമായ അന്വേഷണം നടത്തിയേ നടപടി എടുക്കാവൂ എന്ന് ഗതാഗതമന്ത്രി നിർദ്ദേശിച്ചിരുന്നു.
ബദലി ഡ്രൈവറുടെ ഭാര്യയുടെ പരാതി അന്വേഷിച്ചാണ് കൊല്ലത്തെ വനിതാ കണ്ടക്ടർക്കെതിരെ നടപടിയെടുത്തത്. അവിഹിത ബന്ധ ആരോപണം വിശദമായി വിവരിച്ച്, കണ്ടക്ടറെ അപമാനിക്കുന്ന രീതിയിൽ, പേര് സഹിതം ഇറക്കിയ ഉത്തരവിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധമുണ്ടായിരുന്നു. സദാചാര പരാതിയിൽ കെ എസ് ആർ ടി സി അന്വേഷണം നടത്തിയതിലും ആക്ഷേപമുണ്ടായി. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉത്തരവ് പിൻവലിക്കാൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർദേശം നൽകുകയായിരുന്നു.
വിശദാംശങ്ങൾ ഇങ്ങനെ
നടപടിക്കിരയായ കൊല്ലത്തെ വനിതാ കണ്ടക്ടറുടെ യൂണിറ്റിലെ ബദലി ഡ്രൈവറുടെ ഭാര്യ, അവിഹിത ബന്ധം ആരോപിച്ച് ഗതാഗത മന്ത്രിക്ക് പരാതി നൽകിയിരുന്നു. തന്റെ ഭർത്താവായ ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ഭാര്യയുടെ പരാതിയിൽ അന്വഷണം നടത്തിയ കെ എസ് ആർ ടി സി പിന്നാലെ കൊല്ലത്തെ വനിതാ കണ്ടക്ടർക്കെതിരെ സസ്പെൻഷൻ നടപടി കൈക്കൊള്ളുകയായിരുന്നു. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും തമ്മിലുളള സംസാരത്തിന്റെ ദൃശ്യങ്ങളുൾപ്പെടെ തെളിവായെടുത്താണ് കെ എസ് ആർ ടി സി നടപടിയെടുത്തത്. തെളിവായി ഭർത്താവിന്റെ വാട്സാപ്പ് ചാറ്റുകളും ചില ദൃശ്യങ്ങളും നൽകി. കഴിഞ്ഞ ജനുവരിയിൽ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്ന സർവീസിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളും തെളിവായെത്തി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി കെ എസ് ആർ ടി സി വിജിലൻസ് വിഭാഗത്തിന്റെ ഉത്തരവിറങ്ങി. പല അച്ചടക്കനടപടികളും ഉത്തരവുകളും കണ്ട കെ എസ് ആർ ടി സിയിൽ ഇതൊരു വിചിത്ര ഉത്തരവായി മാറി. വനിതാ കണ്ടക്ടർ, ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ പെരുമാറിയെന്ന് കണ്ടെത്തിയാണ് അവിഹിതത്തിന്റെ പേരിലുള്ള സസ്പെൻഷൻ ഉത്തരവ് കെ എസ് ആർ ടി സി പുറത്തിറക്കിയത്. അവിഹിത ബന്ധ ആരോപണമടക്കം വിവരിച്ചെഴുതിയ കെ എസ് ആർ ടി സി വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ് വലിയ വിവാദത്തിനാണ് ഇടയാക്കിയത്. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ കണ്ടക്ടർ സംസാരിച്ചു, ഡ്രൈവറുടെ മൊബൈൽ ഫോൺ വാങ്ങി, യഥാസമയം യാത്രക്കാരെ ഇറക്കിവിട്ടില്ല, യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടി വന്നു, അന്വേഷണത്തിൽ അങ്ങനെ നിരവധി കണ്ടെത്തലുകളാണ് ഉണ്ടായത്. കെ എസ് ആർ ടി സിക്ക് അവമതിപ്പുണ്ടാക്കിയതിനാൽ സസ്പെൻഷനെന്നാണ് അധികൃതർ വിശദീകരിച്ചതെങ്കിലും, ഉത്തരവ് വനിതാ കണ്ടക്ടർക്കാണ് അവമതിപ്പുണ്ടാക്കിയതെന്നാണ് ജീവനക്കാർ അഭിപ്രായപ്പെട്ടത്. അവിഹിത ബന്ധ ആരോപണമടക്കം വിശദമായി എഴുതി, വനിതാ കണ്ടക്ടറുടെ പേരും ഐ ഡിയും സഹിതം ഉത്തരവിറക്കിയതിലെ അനൗചിത്യം ചോദ്യമായതോടെയാണ് ഗതാഗത മന്ത്രി തന്നെ ഇടപെട്ട് നടപടി പിൻവലിപ്പിച്ചത്.
