
മനാമ: ബഹ്റൈനില്‍ ജുഡീഷ്യല്‍ ആന്റ് ലീഗല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ജെ.എല്‍.എസ്.ഐ) ബധിരര്‍ക്കായി നിയമ അവബോധ പരിശീലന പരിപാടി ആരംഭിച്ചു.
വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, സാമൂഹിക സേവനങ്ങള്‍ എന്നിവയിലെ ബധിരരുടെ അവകാശങ്ങളെക്കുറിച്ച് അവര്‍ക്ക് അടിസ്ഥാന നിയമ പരിജ്ഞാനം നല്‍കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഒരു വിലയിരുത്തല്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പരിശീലനം രൂപകല്‍പ്പന ചെയ്തത്. ബധിരര്‍ ഭരണപരവും നിയമപരവുമായ സ്ഥാപനങ്ങളുമായുള്ള ദൈനംദിന ഇടപാടുകളില്‍ നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്ന തരത്തില്‍ പരിശീലന മുന്‍ഗണനകള്‍ തിരിച്ചറിയാനും ഉള്ളടക്കം രൂപപ്പെടുത്താനും ഈ സര്‍വേ സഹായിച്ചു.
നാല് ദിവസത്തെ പരിപാടിയില്‍ നാല് പ്രത്യേക സെഷനുകള്‍ ഉള്‍പ്പെടുന്നു. ആകെ 16 പരിശീലന മണിക്കൂറാണ് പരിശീലനം. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായുള്ള നിയമ ചട്ടക്കൂട്, ബധിരരുമായി ബന്ധപ്പെട്ട നിയമങ്ങള്‍, നിയമ അധികാരികളുമായുള്ള ഫലപ്രദമായ ആശയവിനിമയം, ബഹ്റൈനിലെ കുടുംബ നിയമത്തിലെ പ്രായോഗിക പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം.
