
മനാമ: ബഹ്റൈനില്‍ സര്‍ക്കാര്‍ മുന്‍ഗണനാ പരിപാടികളുടെ ഭാഗമായി ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് സമഗ്രമായ പഠനം നടത്താന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കാനുള്ള നിര്‍ദേശത്തിന് ട്രാഫിക് കൗണ്‍സില്‍ യോഗം അംഗീകാരം നല്കി.
ആഭ്യന്തര മന്ത്രിയും കൗണ്‍സില്‍ ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ധനകാര്യ- ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ, ഗതാഗത- ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ, മരാമത്ത് മന്ത്രി ഇബ്രാഹിം ബിന്‍ ഹസ്സന് അല്‍ ഹവാജ്, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള ദേശീയ നയം രൂപീകരിക്കുന്നതിനുള്ള പദ്ധതി ഉള്‍പ്പെടെയുള്ള അജണ്ട കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലെ തിരക്ക് വിലയിരുത്താനും ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ചുമതലകള്‍ നിര്‍വചിക്കാനും ബന്ധപ്പെട്ട അധികാരികളെ ഉള്‍പ്പെടുത്തി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനും കൗണ്‍സില്‍ അംഗീകാരം നല്കി.
സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കുന്നതിലെ പുരോഗതിയും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതില്‍ അവയുടെ പങ്കും കൗണ്‍സില്‍ അവലോകനം ചെയ്തു. സഖിറിലെ റോഡ് 76ന്റെ വികസനവും വിപുലീകരണവും സംബന്ധിച്ച് വിശദീകരിക്കുകയും റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഹെവി ട്രക്കുകളുടെ കുമിഞ്ഞുകൂടല്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.


