
മനാമ: മനാമയിലെ ഹൂറയിലെയും റാസ് റമ്മാനിലെയും ജനവാസ കേന്ദ്രങ്ങളില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു.
സി.സി.ടി.വി. നിരീക്ഷണവും ഔദ്യോഗിക പാര്‍ക്കിംഗ് സ്ഥലങ്ങളും ഇല്ലാത്ത ഇടങ്ങളിലാണ് വാഹനാപകടങ്ങള്‍ കൂടുതലായി സംഭവിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. തുറസായ സ്ഥലങ്ങളിലോ ഇടുങ്ങിയ തെരുവുകളിലോ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ അരികിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പലരും നിര്‍ബന്ധിതരാകുന്നു. ഇത്തരം സ്ഥലങ്ങളില്‍ അശ്രദ്ധമായി വാഹനങ്ങള്‍ ഓടിച്ചുവരുന്നവര്‍ അപകടങ്ങളുണ്ടാക്കി രക്ഷപ്പെടുന്നു.
ഇതൊരു ദൈനംദിന ശല്യമായി മാറിയിട്ടുണ്ടെന്ന് ഒരു പ്രദേശവാസി പറഞ്ഞു. രാവിലെ ഉണരുമ്പോള്‍ കാണുന്നത് തകര്‍ന്ന കണ്ണാടികളും പൊട്ടിയ ഡോറുകളും പോറല്‍ വീണ ബമ്പറുകളുമൊക്കെയാണെന്നും അദ്ദേഹം പറഞ്ഞു.
നിരീക്ഷണ ക്യാമറകളോ ദൃക്സാക്ഷികളോ ഇല്ലാത്തതിനാല്‍ ഇരകള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ഫലപ്രദമായി ഫയല്‍ ചെയ്യാനാവുന്നില്ല. തല്‍ഫലമായി അറ്റകുറ്റപ്പണിയുടെ ചെലവുകള്‍ സ്വയം വഹിക്കേണ്ട അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു.
