ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്കിടെ ഒരു കര്ഷകന് മരിച്ചു. ഡല്‍ഹി ഐടിഒയില്‍ കര്‍ഷകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു സംഭവം. പൊലീസ് വെടിവയ്പ്പിനെ തുടര്‍ന്നാണ് കര്ഷകന് മരിച്ചതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് കര്ഷകന് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ചെങ്കോട്ടയ്ക്ക് മുന്‍പിലും പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
പൊലീസ് ധാരണകള്‍ ലംഘിച്ചുവെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. എട്ടുമണിക്ക് ബാരിക്കേട് തുറന്നുനല്‍കിയില്ല. ട്രാക്ടര്‍ റാലിക്ക് അനുവദിച്ച വഴികള്‍ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചുവെന്നും കര്‍ഷകര്‍ ആരോപിച്ചു. അതേസമയം, കര്‍ഷക റാലിക്കെതിരെ ഡല്‍ഹി പൊലീസ് സുപ്രിംകോടതിയെ സമീപിക്കും. സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടും. പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ഡല്‍ഹി മെട്രോ ഭാഗികമായി അടച്ചു.ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ എത്തിയ കര്‍ഷകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു.