
കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മാണ ജോലികള്‍ ആരംഭിച്ചു.
തേയിലച്ചെടികള്‍ പിഴുതുമാറ്റി നിലമൊരുക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. സ്ഥലം ഏറ്റെടുക്കാമെന്ന് കോടതി ഉത്തരവ് വന്നതോടെ ഇന്നലെ രാത്രി തന്നെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബോര്‍ഡ് സ്ഥാപിച്ചു. കല്‍പ്പറ്റ വില്ലേജ് ബ്ലോക്ക് 19 റീ സര്‍വേ നമ്പര്‍ 88ല്‍ 64.4705 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഇന്നലെ വൈകീട്ട് ഏഴ് മണിക്കു ശേഷമാണ് ഹൈക്കോടതിയുടെ ഉത്തരവ് ലഭിച്ചത്.
ജില്ലാ കലക്ടര്‍ ഡി.ആര്. മേഘശ്രീ, ഭൂമി ഏറ്റെടുക്കുന്നതിനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ ജെ.ഒ. അരുണ്‍, എ.ഡി.എം. കെ.ദേവകി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രാത്രി തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബോര്‍ഡ് സ്ഥാപിച്ചത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാനുള്ള അനുമതി ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കുകയായിരുന്നു.
ഇന്നു രാവിലെ തന്നെ പ്രവൃത്തി തുടങ്ങി. മണ്ണുമാന്തിയന്ത്രമുപയോഗിച്ച് തേയിലച്ചെടികള്‍ പിഴുതുമാറ്റി നിലമൊരുക്കലാണ് ഇപ്പോള്‍ നടക്കുന്നത്. വിഷുവിനു ശേഷം ചൊവ്വാഴ്ച മുതല്‍ പരമാവധി തൊഴിലാളികളെ എത്തിച്ച് എത്രയും വേഗം നിര്‍മാണം മുന്നോട്ടുകൊണ്ടുപോകാനാണ് നീക്കമെന്ന് ഊരാളുങ്കല്‍ അറിയിച്ചു. നിര്‍മാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും ഊരാളുങ്കല്‍ നടത്തിയിരുന്നെങ്കിലും കോടതി ഉത്തരവ് ലഭിക്കാന്‍ വൈകിയതോടെ കാലതാമസം നേരിടുകയായിരുന്നു.
