ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘മിന്നൽ മുരളി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ക്രിസ്മസ് റിലീസായി ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തുക. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിൽ അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയായാണ് ടൊവിനോ വേഷമിടുന്നത്.
ഗോദയ്ക്കു ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്മാനാണ് സംഗീതം.
മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. മലയാളം തമിഴ് ഭാഷകളിൽ മിന്നൽമുരളി, ഹിന്ദിയിൽ മിസ്റ്റർ മുരളി, തെലുങ്കിൽ മെരുപ്പ് മുരളി, കന്നഡയിൽ മിഞ്ചു മുരളി എന്നിങ്ങനെയാണ് ടൈറ്റിലുകൾ.