തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ ഓണാഘോഷ പരിപാടിക്ക് തുടക്കമാകുന്നു. ഇന്ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷനാകും.
ലോകത്തെല്ലായിടത്തുമുള്ള മലയാളികളെയും പങ്കാളികളാക്കിക്കൊണ്ട് വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം എന്ന സന്ദേശത്തോടെ വിനോദ സഞ്ചാര വകുപ്പ് വെര്‍ച്വല്‍ ആയി നടത്തുന്ന ഓണപ്പൂക്കള മത്സരമാണ് ഇത്തവണ ശ്രദ്ധേയം. കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മലയാളികളെയും ഒത്തൊരുമിച്ച് ഓണപ്പൂക്കളമത്സരത്തില്‍ പങ്കാളികളാക്കുക എന്നതാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം. വിവിധ വകുപ്പ് മന്ത്രിമാര്‍, സ്പീക്കര്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ജീവനക്കാര്‍ തുടങ്ങിയവരും മത്സരത്തില്‍ പങ്കെടുക്കും. പൂക്കളത്തിന്റെ ഫോട്ടോ കേരള വിനോദ സഞ്ചാര വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട പേജില്‍ അപ് ലോഡ് ചെയ്തു കൊണ്ട് മത്സരത്തില്‍ പങ്കാളികളാകാം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ വകുപ്പ് നല്‍കും.
പ്രാദേശിക കലാകാരന്മാര് അവതരിപ്പിക്കുന്ന തനത് കേരളീയ കലകള്‍ വീഡിയോകളായി കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ വഴിയും വിനോദസഞ്ചാര വകുപ്പിന്റെ സമൂഹ്യമാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കുന്നതാണ് ഓണാഘോഷത്തിലെ ശ്രദ്ധേയമായ മറ്റൊരു പരിപാടി. കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് തൊഴിലും വരുമാനവും നഷ്ടപ്പെട്ട കേരളത്തിലെമ്പാടുമുളള പരമാവധി കലാകാരന്മാർക്ക് ആശ്വാസമാകുന്നതായിരിക്കും ഈ പരിപാടി.
കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് തിരിച്ചുവരവിന്റെ പാതയിലുള്ള കേരള ടൂറിസത്തിന് വലിയ പ്രചാരണം നല്‍കുന്നതായിരിക്കും ഓണാഘോഷം. കേരളത്തിന്റെ കലാ-സാംസ്കാരിക രംഗവും ഉണര്‍വ്വിന്റെ പാതയിലാകും. ലോക പൂക്കളം പരിപാടിയിലൂടെ മലയാളി പ്രവാസികളെ കേരള ടൂറിസത്തിന്റെ പ്രചാരകരാക്കുന്ന പ്രവര്‍ത്തനത്തിനും തുടക്കമാകും.
പൂക്കള മത്സരത്തിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് https://www.keralatourism.org/
