വിശാഖപട്ടണം: തക്കാളി കര്‍ഷകനെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലാണ് സംഭവം. അന്നമയ്യ മദനപ്പള്ളി സ്വദേശി നരേം രാജശേഖര്‍ റെഡ്ഡി(62)യെയാണ് അജ്ഞാതര്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മോഷണം ലക്ഷ്യമിട്ടാണ് അജ്ഞാതര്‍ കര്‍ഷകനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഗ്രാമത്തില്‍ നിന്ന് ഏറെ അകലെയുള്ള കൃഷിയിടത്തിലാണ് രാജശേഖര്‍ റെഡ്ഡി താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലേയ്ക്ക് പാലുമായി പോകുന്നതിനിടെയാണ് ഇദ്ദേഹത്തിന് നേരേ ആക്രമണമുണ്ടായത്. വഴിയില്‍ തടഞ്ഞ അക്രമികള്‍ മരത്തില്‍ കെട്ടിയിടുകയും കഴുത്തില്‍ തുണി മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
അടുത്തിടെ തക്കാളി വിളപ്പെടുപ്പ് നടത്തിയ റെഡ്ഡിയുടെ പക്കല്‍ ധാരാളം പണമുണ്ടെന്ന് കരുതിയാകാം അക്രമിസംഘം എത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് മുമ്പ് ഇതേ സംഘം തക്കാളി വാങ്ങാനെന്ന വ്യാജേന രാജശേഖറിന്റെ കൃഷിയിടത്തില്‍ എത്തിയിരുന്നു. എന്നാല്‍ രാജശേഖര്‍ സ്ഥലത്തില്ലെന്നും ഗ്രാമത്തിലേയ്ക്ക് പോയിരിക്കുകയാണെന്നും പറഞ്ഞ് ഇദ്ദേഹത്തിന്റെ ഭാര്യ ജ്യോതി ഇവരെ തിരിച്ചയച്ചു.തക്കാളി വില കുതിച്ചുയര്‍ന്ന സമയമായതിനാല്‍ രാജശേഖര്‍ റെഡ്ഡിയെ കൊള്ളയടിക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം 70 പെട്ടി തക്കാളിയാണ് രാജശേഖര്‍ റെഡ്ഡി വിറ്റത്. സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.