വാഷിങ്ടണ്‍: എട്ടു മണിക്കൂര്‍ കൊണ്ട് അവസാനിക്കേണ്ടിയിരുന്ന, തിരിച്ചെത്തേണ്ടിയിരുന്ന ഒരു വിനോദയാത്ര. അത് അവസാനിച്ചില്ലെന്ന് മാത്രമല്ല, അതിന്റെ ഭാഗമായ അഞ്ചുപേര്‍ അറ്റ്ലാന്റിക് സമുദ്രാന്തര്ഭാഗത്തെവിടെയോ മറഞ്ഞിരിക്കുന്നു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ചുപേരുമായി പുറപ്പെട്ട, ഓഷ്യന്‍ഗേറ്റ് എക്സ്പെഡീഷന്‍സിന്റെ ടൈറ്റന് എന്ന ജലപേടകം എവിടെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. പേടകത്തിനുള്ളിലെ ഓക്സിജന്‍ അപകടകരമായ അളവില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന വസ്തുത യാത്രികരുടെ ബന്ധുക്കളുടെയും രക്ഷാപ്രവര്‍ത്തകരുടെയും നെഞ്ചിടിപ്പേറ്റുകയാണ്.
അമേരിക്കന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെയാണ് ടൈറ്റനുമായുള്ള ബന്ധം നഷ്ടപ്പെടുന്നത്. അന്നു മുതല്‍ നാലുദിവസമായി അറ്റ്ലാന്റികില് എവിടെയോ മറഞ്ഞിരിക്കുകയാണ് ടൈറ്റന്. മൂന്നുദിവസത്തില്‍ അധികമായി ഭക്ഷണമോ വെള്ളമോ ഇല്ലാതെ, ഓക്സിജന്റെ അളവ് താഴുന്നതും അറിഞ്ഞ് നിസ്സഹായതയുടെ പരകോടിയിലൂടെയാണ് ഇപ്പോള്‍ ആ യാത്രികര്‍ കടന്നുപോകുന്നത്. യു.എസ്., കാനഡ, ഫ്രാന്‍സ് എന്നിവയുടെ സംയുക്ത രക്ഷാപ്രവര്‍ത്തനമാണ് മേഖലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സമുദ്രാന്തര്‍ഭാഗത്തെ ബുദ്ധിമുട്ടുകള്‍, മോശം കാലാവസ്ഥ തുടങ്ങിയ വെല്ലുവിളികള്‍ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
ഓഷ്യന്‍ഗേറ്റ് എക്സ്പെഡീഷന്‍സിന്റെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്താന് വ്യവസായഭീമന്‍ ഷഹ്സാദാ ദാവൂദും മകന് സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകന് പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റന് പേടകത്തിനുള്ളത്. ഇതില്‍ സ്റ്റോക്ടണ്‍ റഷാണ് പേടകം നിയന്ത്രിക്കുന്നത്. പുറത്തുനിന്ന് മാത്രം തുറക്കാവുന്ന വിധത്തിലാണ് ടൈറ്റന് രൂപകല്പന ചെയ്തിട്ടുള്ളത്. അതിനാല്‍ത്തന്നെ പേടകം കണ്ടെത്തുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കു മാത്രമേ അതിനുള്ളവരെ പുറത്തേക്ക് ഇറക്കാനാകൂ.
ടൈറ്റനിലെ യാത്രക്കാര്‍-ഘടികാരക്രമത്തില്‍: ഹാമിഷ് ഹാര്‍ഡിങ്, സ്റ്റോക്ടണ്‍ റഷ്, ഷഹ്സാദ ദാവൂദും മകന് സുലെമാനും, പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് | ഫോട്ടോ: എ.എഫ്.പി.
സമുദ്രോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന തരത്തില്‍ ടൈറ്റനെ കണ്ടെത്താമെന്നുള്ള പ്രതീക്ഷ ചില വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. അടിയന്തരസാഹചര്യങ്ങളില്‍, യാത്രികര്‍ അബോധാവസ്ഥയിലാണെങ്കില്‍ കൂടിയും ജലോപരിതലത്തിലേക്ക് എത്തിപ്പെടാനുള്ള സുരക്ഷാസജ്ജീകരണങ്ങള്‍ ടൈറ്റനിലുണ്ടെന്നാണ് വിവരം. 22 അടിയാണ് ടൈറ്റന്റെ നീളം. സമുദ്രോപരിതലത്തില്‍നിന്ന് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുടെ സമീപത്തെത്തി തിരിച്ചെത്താന്‍ എട്ടു മണിക്കൂറാണ് ആവശ്യമുള്ളത്. എന്നാല്‍ ടൈറ്റന്, കാണാതായിട്ട് നാലുദിവസമാവുകയാണ്. സമുദ്രോപരിതലത്തില്‍നിന്ന് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുടെ അരികിലേക്ക് എത്താന്‍ ഏകദേശം മൂന്നുമണിക്കൂറാണ് വേണ്ടിവരിക.
പോളാര്‍ പ്രിന്‍സ് എന്ന കപ്പലില്‍നിന്നാണ് ടൈറ്റന്, യാത്ര പുറപ്പെട്ടത്. സമുദ്രത്തിലേക്ക് ഊളിയിടുന്നതിന് പിന്നാലെ ഷോര്‍ട്ട് ടെക്സ്റ്റ് മെസേജുകളിലൂടെയാണ് ഉപരിതലത്തിലുള്ള ക്രൂവുമായി ടൈറ്റന് ആശയവിനിമയം നടത്തുക. ടൈറ്റനുള്ളില്‍ ഇരിപ്പിടങ്ങള്‍ക്കുള്ള സ്ഥലമില്ല. യാത്രികര്‍ നിലത്ത് കാലുമടക്കി ഇരിക്കുകയാണ് ചെയ്യുന്നത്. ഒരു ടോയ്ലറ്റ് പേടകത്തിലുണ്ടെങ്കിലും അത് ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം. ടൈറ്റന് അപ്രത്യക്ഷമായ സ്ഥലത്തുനിന്ന് ബുധനാഴ്ച, ചില ശബ്ദങ്ങള്‍ കേട്ടിരുന്നു. ഇവിടം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.