ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേരിന് നേരെ ടിക്ക് മാര്‍ക്ക് രേഖപ്പെടുത്തിയാല്‍ മതിയെന്ന് തിരഞ്ഞെടുപ്പ് സമിതി. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ എംപിയുടെ പരാതിയെ തുടർന്നാണ് മാറ്റം.
വോട്ട് രേഖപ്പെടുത്തുന്ന രീതിക്കെതിരെ പരാതിയുമായി തരൂർ തിരഞ്ഞെടുപ്പ് കമ്മിറ്റിയെ സമീപിച്ചിരുന്നു. ബാലറ്റ് പേപ്പറിൽ 1 എന്ന് എഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കാം. പകരം ടിക്ക് മാർക്ക് ഇടുന്നതാണ് നല്ലതെന്ന് തരൂർ പറഞ്ഞിരുന്നു.
വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേരെ ഒന്ന് (1) എന്ന് എഴുതണമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. ഗുണന ചിഹ്നമോ ശരി അടയാളമോ ഇട്ടാൽ വോട്ട് അസാധുവാകുമെന്ന് നിര്‍ദേശത്തിലുണ്ടായിരുന്നു. ബാലറ്റ് പേപ്പറിൽ ആദ്യം പേരുള്ള മല്ലികാർജുൻ ഖാർഗെയ്ക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂർ പറഞ്ഞു.