
ബംഗളുരു: കമൽഹാസന്റെ പുതിയ സിനിമ തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്യുന്നത് നിരോധിച്ച് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ്. കന്നഡ ഭാഷയെക്കുറിച്ചുള്ള കമൽഹാസന്റെ പ്രസ്താവനയെ തുടർന്നാണ് നിരോധനം. വിഷയത്തിൽ 24 മണിക്കൂറിനകം ക്ഷമാപണം നടത്തിയില്ലെങ്കിൽ റിലീസ് തടയുമെന്ന് ഫിലിം ചേംബർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മാപ്പു പറയില്ലെന്നായിരുന്നു കമൽഹാസന്റെ നിലപാട്. ഇതിന് പിന്നാലെയാണ് റിലീസ് തടഞ്ഞത്.
കന്നഡ അനുകൂല സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സമ്മർദ്ദത്തെ തുടർന്നാണ് നടപടി.കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജനിച്ചതെന്ന നടൻ കമൽഹാസന്റെ പ്രസ്താവനയ്ക്കെതിരെയാണ് കർണാടകയിൽ പ്രതിഷേധം ഉയർന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ ചെന്നൈയിൽ പ്രസംഗിക്കുന്നതിനിടെയാണ് തമിഴിൽ നിന്നാണ് കന്നഡ ഭാഷ പിറന്നതെന്ന് കമൽ പറഞ്ഞത്. നടൻ ശിവരാജ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ അദ്ദേഹവുമായുള്ള ബന്ധത്തെ കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു പരാമർശം.
ശിവരാജ് കുമാർ മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന എന്റെ കുടുംബാംഗമാണ്. നിങ്ങളുടെ ഭാഷ തമിഴിൽ നിന്ന് പിറന്നതാണ്. അതിനാൽ നിങ്ങളും എന്റെ കുടുംബത്തിൽ ഉൾപ്പെടുന്നതായാണ് കമൽ വ്യക്തമാക്കിയത്.കമലിന്റെ പരാമർശത്തിൽ കോൺഗ്രസും ബി.ജെ,പിയും ഉൾപ്പെടെയുള്ള പാർട്ടികളും പ്രതിഷേധിച്ചു. കമലിന് കന്നഡ ഭാഷയുടെ ചരിത്രമറിയാത്തത് ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. നടൻ മാപ്പു പറയണമെന്ന് ബി.ജെ,പിയും കന്നഡ അനുകൂല സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
