
തൃശ്ശൂര്‍: തൃശൂര്‍ കലക്ടറേറ്റില്‍ എല്‍ഡിഎഫ് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിന് പിന്നാലെ പരാതി സ്വീകരിച്ച് എഡിഎം. കേച്ചേരിയില്‍ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടാണ് നേതാക്കള്‍ രാത്രിയോടെ കലക്ടറേറ്റില്‍ എത്തിയത്. സംഭവത്തില്‍ പരാതി നല്‍കിയശേഷമേ തിരിച്ചുപോകുവെന്ന് നേതാക്കള്‍ പറഞ്ഞതോടെയാണ് എഡിഎം എത്തി പരാതി സ്വീകരിച്ചത്. വിഷയത്തില്‍ നടപടി ഉണ്ടാകുമെന്ന് എഡിഎം ഉറപ്പുനല്‍കി ശേഷമാണ് നേതാക്കള്‍ മടങ്ങിയത്.
അഡ്വ. വിഎസ് സുനില്‍കുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍, മുന്‍ എംപി പികെ ബിജു എന്നിവര്‍ രൂക്ഷമായ ഭാഷയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാടുകളെ വിമര്‍ശിച്ചത്. കാച്ചേരിക്ക് പുറമേ ഒളിക്കരയിലും വാടാനപ്പള്ളിയിലും കിറ്റ് വിവാദം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടുകളില്‍ സംശയമുണ്ടെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുനില്‍കുമാറും സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദറും പറഞ്ഞു.
വിവാദ പരാമര്‍ശത്തില്‍ ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാ ഭരണകൂടവും തെരഞ്ഞെടുപ്പ് കമ്മീഷനും കൈക്കൊണ്ടതെന്നും സുനില്‍കുമാര്‍ ആരോപിച്ചു. നഗ്നമായ ചട്ടലംഘനം നടത്തിയിട്ടും നടപടിയെടുക്കാതെ മുന്നോട്ട് പോവുകയാണ്. ഇത് ഇനി അനുവദിക്കാന്‍ ആവില്ലന്നും അദ്ദേഹം പറഞ്ഞു.


