തൃശൂരിൽ വീണ്ടും ഭൂചലനത്തിന് സമാനമായ പ്രതിഭാസം. നേരത്തെ ഭൂമിക്കടിയിൽ പ്രകമ്പനം അനുഭവപ്പെട്ട ആമ്പല്ലൂർ കല്ലൂർ തൃക്കൂർ മേഖലയിലാണ് ഇന്ന് വീണ്ടും പ്രകമ്പനം അനുഭവപ്പെട്ടത്. എന്നാൽ റിക്ടർ സ്കെയിലിൽ മൂന്നിൽ താഴെയുള്ള ചലനങ്ങളുടെ തോത് രേഖപ്പെടുത്തില്ല. അതുകൊണ്ട് തന്നെ ഭൂകമ്പമായി പരിഗണിക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ വാദം.
ഇന്നുച്ചയ്ക്ക് 1:01 നാണ് ഭൂമിക്കടിയിൽ പ്രകമ്പനം അനുഭവപ്പെട്ടത്. രണ്ടു സെക്കൻഡ് നേരം മാത്രം നീണ്ടുനിൽക്കുന്നതായിരുന്നു പ്രകമ്പനം. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് മേഖലയിൽ പ്രകമ്പനം അനുഭവപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.16ന് ആണ് മേഖലയിൽ ആദ്യ പ്രതിഭാസം അനുഭവപ്പെട്ടത്. തൃക്കൂർ, കല്ലൂർ, വരന്തരപ്പള്ളി മേഖലയിലാണ് പ്രകമ്പനം. രണ്ട് സെക്കന്റ് മാത്രം ദൈർഘ്യമുള്ളതായിരുന്നു ഇത്.
ജനങ്ങൾ പരിഭ്രാന്തരായതോടെ കളക്ടർ വി.ആർ കൃഷ്ണ തേജ സ്ഥലം സന്ദർശിച്ചിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷ്ണൽ സെൻറർ ഫോർ സീസ്മോളജിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും കളക്ടർ പറഞ്ഞിരുന്നു. പിന്നീട് രാത്രി 11.29നായിരുന്നു രണ്ടാമത്തെ പ്രകമ്പനം. മൂന്ന് സെക്കൻഡ് വരെ നീണ്ടുനിന്നതായിരുന്നു രാത്രിയിലെ പ്രകമ്പനം. ഇതാകട്ടെ അളഗപ്പനഗർ, പുതുക്കാട്, നെന്മണിക്കര, വരന്തരപ്പിള്ളി, പുത്തൂർ മേഖലകളിലും ചേർപ്പ്, പെരുവനം, ഊരകം, പെരിഞ്ചേരി, പാലക്കൽ, വല്ലച്ചിറ, എട്ടുമന, ചൊവ്വൂർ, ചെറുവത്തേരി മേഖലകളിലും അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ നിന്നും പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടതായി അന്നും പ്രദേശവാസികൾ പറഞ്ഞു. പാത്രങ്ങളും മറ്റും ഇളകുന്ന ശബ്ദം കേട്ടാണ് ജനങ്ങൾ ചലനം അറിഞ്ഞത്. തുടർച്ചയായ പ്രകമ്പനങ്ങളോടെ ആശങ്കയിലും ഭീതിയിലുമാണ് പ്രദേശവാസികൾ.