കൊച്ചി: തൃക്കാക്കര നഗരസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ചെയർപേഴ്സൺ അജിതാ തങ്കപ്പൻ അടക്കമുള്ളവർക്ക് പരിക്ക് ഏറ്റു. രാവിലെ ചേർന്ന കൗൺസിൽ യോഗത്തിനിടെ ആണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടിയത്. അജണ്ടയിൽ ഇല്ലാത്ത വിഷയം അവതരിപ്പിക്കാൻ ശ്രമിച്ചതാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്.
ചെയർപേഴ്സന്റെ മുറിയുടെ ഒരു പൂട്ട് മാറ്റിയതിനെ ചൊല്ലിയുള്ള അജണ്ടയാണ് കൗൺസിൽ യോഗത്തിലെ കയ്യാങ്കളിക്ക് കാരണം. പൂട്ട് തകർന്നത് ഓണക്കിഴി വിവാദത്തിനിടെയാണ്. വിവാദം കത്തി നിൽക്കെ ചെയ്ർപേഴ്സൻ അജിത തങ്കപ്പൻ അന്ന് മുറിപൂട്ടി പോയിരുന്നു. പിന്നെ തുറക്കാനായില്ല. ഒടുവിൽ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്. ആപൂട്ടിന്റെ ചെലവും പണിക്കൂലിയുമായി 8000 രൂപ കൗൺസിൽ അംഗീകരിക്കണമെന്ന അജണ്ടവന്നു. ഇതോടെയാണ് അടി തുടങ്ങിയത്.
പൂട്ട് തകർത്തത് ചെയർപേഴ്സൺ തന്നെയാണെന്നും അതിന്റെ ചെലവ് നഗരസഭ അക്കൗണ്ടിൽ നിന്ന് ഈടാക്കാനാകില്ലെന്നുമാണ് പ്രതിപക്ഷം പറയുന്നത്. ഇത് സംബന്ധിച്ച് പ്രതിപക്ഷം നൽകിയ കേസ് പൊലീസ് പരിഗണനയിലുമാണ്. എന്നാൽ പ്രതിപക്ഷം തന്നെയാണ് തന്റെ ക്യാബിനിന്റെ പൂട്ടിന് കേട്പാട് വരുത്തിയതെന്നും തന്നെ പിന്തുടർന്ന് വേട്ടയാടുകയാണെന്നും അജിത തങ്കപ്പൻ പറഞ്ഞു.