ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ 3 പേർക്ക് ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി 1ന് നെടുങ്കണ്ടം ക്യാമൽ റെസ്റ്റോ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 7 വയസുള്ള കുട്ടി, ഗൃഹനാഥൻ, വയോധിക എന്നിവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
വയറിളക്കം, ഛർദ്ദി, കടുത്ത പനി എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. നെടുങ്കണ്ടത്തെ ക്യാമൽ റെസ്റ്റോ എന്ന സ്ഥാപനത്തിൽ നിന്നാണ് ഷവർമ വാങ്ങിയതെന്ന് കുടുംബം പറഞ്ഞു.
ഇവരുടെ പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഹോട്ടൽ പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. ഹോട്ടൽ അടച്ച് പൂട്ടാൻ ആരോഗ്യ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.