
പാലക്കാട്: വിവാദങ്ങള്‍ക്ക് പിന്നാലെ 38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പാലക്കാട് എത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സേവിയറിന്റെ സഹോദരൻ മരിച്ചിരുന്നു. അവരെ കാണാനാണ് രാഹുല്‍ പാലക്കാട് എത്തിയത്. ആരോപണങ്ങൾക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആദ്യമായാണ് പാലക്കാട് എത്തുന്നത്. ആഗസ്റ്റ് 17 നാണ് രാഹുൽ പാലക്കാട് നിന്നും പോയത്. 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം പുറത്ത് വന്നത്.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിൻ്റെ പ്രാഥമികാംഗത്തിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനാണ് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. കഴിഞ്ഞ മാസം 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം ഉയർന്നുവന്നത്. അതിന് ശേഷം ഒരു മാസമായി എംഎൽഎ മണ്ഡലത്തിലേക്ക് എത്തിയിരുന്നില്ല. നിയമസഭയിൽ ആദ്യ ദിവസം എത്തിയ രാഹുൽ മെല്ലെ മണ്ഡലത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് എന്നാണ് വിവരം. അതേസമയം രാഹുൽ പാലക്കാട് എത്തുന്നത് പാർട്ടിയ്ക്ക് തിരിച്ചടിയാകുമെന്നാണ് ജില്ലാ നേതൃത്വത്തിൻ്റെ നിലപാട്.
