ചലച്ചിത്ര പുരസ്കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന് അലന്‍സിയറിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പ്രത്യേക ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തില്‍ പുരസ്കാരത്തെ തള്ളിപ്പറയുന്ന പരാമര്‍ശമാണ് അലന്‍സിയര്‍ നടത്തിയത്. അലന്‍സിയറിനെതിരേ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി ആര്. ബിന്ദു. അലന്‍സിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണെന്നും ഒരിക്കലും അത്തരം ഒരു വേദിയില്‍ നടത്താന്‍ പാടില്ലാത്ത പരാമര്‍ശമായിരുന്നെന്നും മന്ത്രി പറഞ്ഞു.
”അത്തരമൊരു പ്രതികരണം നിര്‍ഭാഗ്യകരമായിപ്പോയി. അതുപോലൊരു വേദിയില്‍വച്ച് അത്തരമൊരു പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഇത്തരം മനസ്സുകളില്‍ അടിഞ്ഞുകൂടി കിടക്കുന്ന പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണത്. അത് ഒഴിവാക്കേണ്ടതായിരുന്നു. നിരന്തര ബോധവത്കരണത്തിലൂടെ മാത്രമേ അതു മാറ്റിയെടുക്കാന്‍ സാധിക്കൂ”- മന്ത്രി പറഞ്ഞു.