പാലാ: പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ ബിനു പുളിക്കണ്ടം തന്റെ പ്രതിഷേധം വ്യക്തമാക്കി. ഇത് വഞ്ചനയുടെ ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെല്ലാം കാലം ഉത്തരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കറുത്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം നഗരസഭയിലെത്തിയത്. പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കപ്പെട്ടു, അത് പറയാതിരിക്കാൻ കഴിയില്ല. സ്ഥാനങ്ങൾക്ക് വേണ്ടി നെട്ടോട്ടമോടുന്ന എന്റെ പ്രിയപ്പെട്ട കൗൺസിലർമാർ ഉണ്ട് ഇവിടെ. നാളെ അവർ ഈ സ്ഥാനത്തേക്ക് വരേണ്ടെന്ന നിലപാട് സിപിഎം എടുത്താൽ അത് അംഗീകരിക്കാൻ കഴിയുമോയെന്നും ബിനു ചോദിച്ചു.
മാണി സാറിന്റെ മരണശേഷം മകൻ ഇവിടെ മത്സരിച്ചപ്പോൾ തോറ്റു. അതുകൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് ടോം വേണോ അതോ ജോസ് കെ മാണിയെ വേണോ അതുമല്ലെങ്കിൽ നാടിനെ അറിയുന്ന റോഷി അഗസ്റ്റിനിലൂടെ മണ്ഡലം തിരിച്ചുപിടിക്കണോ എന്ന ചർച്ച നടക്കുമ്പോൾ മറ്റ് രാഷ്ട്രീയ പാർട്ടികൾ അഭിപ്രായം പറഞ്ഞാൽ ഈ നേതാവിന് എന്താണ് പറയാനുണ്ടാവുക എന്നും ജോസ് കെ. മാണിയെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.