
മുംബൈ: യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം താരിഫിന് ശേഷം തുടങ്ങിയ ഇന്ത്യ – അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ത്യൻ ഓഹരി വിപണിക്ക് വൻ നേട്ടമായി. ഇന്ത്യ – അമേരിക്ക വ്യാപാര ചർച്ച ദില്ലിയിൽ തുടങ്ങിയത് മുതൽ ഓഹരി വിപണി കുതിച്ചുയർന്നു. രാവിലെ മുതൽ തുടങ്ങിയ മുന്നേറ്റം വൻ നേട്ടത്തിലാണ് അവസാനിച്ചത്. സെൻസെക്സ് 590 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 160 പോയിന്റ് നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ കുറേ ദിവസത്തെ മാന്ദ്യത്തിനുശേഷമാണ് വിപണി ഉണർന്നത്. സെൻസെക്സും നിഫ്റ്റിയും രാവിലെ വ്യാപാരം തുടങ്ങുമ്പോൾ ഉണ്ടായിരുന്ന മുന്നേറ്റം അവസാനം വരെ തുടർന്നു. റിയാലിറ്റി ഓട്ടോ മീഡിയ സൂചികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യ അമേരിക്ക വ്യാപാര ചർച്ചകളുടെ പ്രതീക്ഷകളും യു എസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കും എന്ന പ്രതീക്ഷകളും ആണ് ഇന്ന് വിപണിയെ ഗുണകരമായി ബാധിച്ചത്. രൂപയുടെ മൂല്യത്തിനും വർധന ഉണ്ടായിട്ടുണ്ട്. 17 പൈസ കൂടി ഒരു ഡോളറിന് 88 രൂപ 5 പൈസ എന്ന നിലയിലാണ് വിനിമയം നടന്നത്.
ഒന്നര മാസത്തെ കടുത്ത ഭിന്നതയ്ക്ക് ശേഷം ഇന്ത്യ – അമേരിക്ക വ്യാപാര ചർച്ചകൾക്ക് വീണ്ടും തുടക്കം. അമേരിക്കൻ ഉപ വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ച് ദില്ലിയിൽ വാണിജ്യമന്ത്രാലയ ഉദ്യോഗസ്ഥരെ കണ്ട് ചർച്ച നടത്തി. റഷ്യൻ എണ്ണ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ അധിക തീരുവ പിൻവലിക്കണമെന്നതാണ് ആദ്യ നിർദ്ദേശമെന്ന് ഇന്ത്യ ചർച്ചയിൽ അറിയിച്ചു. കാർഷിക ഉത്പന്നങ്ങളുടെ തീരുവ അമേരിക്ക ഉന്നയിച്ചതായാണ് സൂചന. ജനിതക മാറ്റം വരുത്തിയ ചോളം ഇന്ത്യ ഇറക്കുമതി ചെയ്യണമെന്ന് അമേരിക്ക നിർദ്ദേശിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ബീഹാർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ നിർദ്ദേശം ഇന്ത്യ അംഗീകരിക്കാനിടയില്ല. അമേരിക്കൻ സമ്മർദ്ദത്തിന് ഇന്ത്യ കീഴടങ്ങരുതെന്ന് സി പി എം അടക്കുള്ള കക്ഷികൾ ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഓഗസ്റ്റ് ഏഴിന് ഇന്ത്യക്കെതിരെ അമേരിക്ക ആദ്യം പ്രഖ്യാപിച്ച 25 ശതമാനം തീരുവ നിലവിൽ വന്നു. 27 ന് റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ 25 ശതമാനം തീരുവ കൂടി ഏർപ്പെടുത്തി. പിന്നാലെ നടന്ന പരസ്യ വാഗ്വാദങ്ങൾക്ക് ശേഷമാണ് ഇന്ത്യയുമായി ചർച്ചകൾക്ക് യു എസ് വീണ്ടും തയ്യാറായത്. ഇന്ന് രാവിലെ പത്തിന് വാണിജ്യമന്ത്രാലയത്തിൽ എത്തിയാണ് അമേരിക്കൻ വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ച് മുതിർന്ന ഉദ്യോഗസ്ഥരെ കണ്ടത്. വാണിജ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി രാജേഷ് അഗർവാളാണ് ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകുന്നത്. റഷ്യൻ എണ്ണ ഇറക്കുമതിയുമായി ഇന്ത്യ – യു എസ് വ്യാപാരം കൂട്ടിക്കുഴയ്ക്കരുതെന്ന നിർദ്ദേശമാണ് ഇന്ത്യ ആദ്യം വച്ചതെന്നാണ് സൂചന. 25 ശതമാനം അധിക തീരുവ പിൻവലിക്കേണ്ടത് ഒത്തുതീർപ്പിന് സാഹചര്യം ഒരുങ്ങാൻ അനിവാര്യമെന്നും ഇന്ത്യ അറിയിച്ചു. കാർഷിക ഉത്പന്നങ്ങളുടെ തീരുവയിലാണ് യു എസിന്റെ പ്രധാന ഊന്നൽ. ജനിതക മാറ്റം വരുത്തിയ ചോളം ഇന്ത്യ ഇറക്കുമതി ചെയ്യണമെന്ന് അമേരിക്ക നിർദ്ദേശിക്കുന്നു. ബീഹാർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ നിർദ്ദേശം ഇന്ത്യ അംഗീകരിക്കാനിടയില്ല. അമേരിക്കൻ സമ്മർദ്ദത്തിന് ഇന്ത്യ കീഴടങ്ങരുതെന്ന് സി പി എം അടക്കുള്ള കക്ഷികൾ ആവശ്യപ്പെട്ടു.
