
ദില്ലി: യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം താരിഫിന് മുന്നിൽ ഇന്ത്യൻ രൂപയുടെ തകർപ്പൻ തിരിച്ചുവരവ്. ഡോളറിന് മുന്നിൽ രൂപയുടെ ഉയർത്തെഴുന്നേൽപ്പാണ് ഇന്ന് കണ്ടത്. വിനിമയം തുടങ്ങിയപ്പോൾ തന്നെ രൂപക്ക് മുന്നേറ്റം ദൃശ്യമായി. 28 പൈസയാണ് ഇന്ന് വിനിമയം തുടങ്ങിയപ്പോൾ തന്നെ കൂടിയത്. നിലവിൽ ഒരു ഡോളറിന് 87 രുപ 98 പൈസ എന്ന നിലയില് വിനിമയം നടക്കുന്നു. രൂപയുടെ ഉയർത്തെഴുന്നേൽപ്പ് ട്രംപിന്റെ താരിഫ് ഭീഷണിക്കിടയിലും ഇന്ത്യക്ക് ആത്മവിശ്വാസമേകുന്നതാണ്. എന്നാൽ പ്രതികാരച്ചുങ്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഡോണൾഡ് ട്രംപ് എന്നാണ് വ്യക്തമാകുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുവ ഇനിയും ഉയർത്തുമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്.
അതേസമയം ഡോണൾഡ് ട്രംപിന്റെ തീരുവ നയത്തിനെതിരെ ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ കർശന നിലപാട് സ്വീകരിച്ചു. വ്യാപാരത്തിന് അനാവശ്യ കടമ്പകൾ സൃഷ്ടിക്കുന്നത് സങ്കീർണ്ണ നയങ്ങൾ കൈക്കൊള്ളുന്നതും ശരിയല്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉച്ചകോടിയിൽ പറഞ്ഞു. വ്യാപാരത്തെ ഇതുമായി ബന്ധമില്ലാത്ത വിഷയങ്ങളോട് കൂട്ടിക്കെട്ടുന്നത് അംഗീകരിക്കാനാകില്ലെന്നും ജയശങ്കർ വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്ക് തീരുവ ഏർപ്പെടുത്തിയത് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ജയശങ്കറിന്റെ പ്രസ്താവന. ബ്രിക്സ് രാജ്യങ്ങൾക്കിടിയിലെ വ്യാപാര കമ്മി പരിഹരിക്കണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു. ലോകത്തെ ഭക്ഷ്യ സുരക്ഷ അടക്കം ഉറപ്പാക്കാൻ നിലവിലെ സംഘർഷങ്ങൾ പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും ജയശങ്കർ പറഞ്ഞു. ബ്രസീൽ പ്രസിഡന്റ് ലുല ദസിൽവ വിളിച്ചു ചേർത്ത ഉച്ചകോടിയിൽ പ്രധാനമന്ത്രിക്ക് പകരമാണ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചത്.
അതേസമയം ഡോണൾഡ് ട്രംപുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മറ്റൊരു വാർത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള ആലോചയിലാണെന്നതാണ്. ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 200 ശതമാനത്തിന് മുകളിൽ താരിഫ് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ യു എസിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന മിക്ക മരുന്നുകൾക്കും ഡ്യൂട്ടി ഫ്രീ പ്രവേശനം ലഭിച്ചിരുന്നു. ഇത് എടുത്തുകളഞ്ഞുകൊണ്ടുള്ള പുതിയ താരിഫ് നയമാണ് ട്രംപ് ഭരണകൂടം ആവിഷ്കരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇറക്കുമതി ചെയ്യപ്പെടുന്ന മരുന്നുകൾക്ക് വലിയ തോതിലുള്ള താരിഫ് ഏർപ്പെടുത്തുന്നതാകും പുതിയ നയമെന്നാണ് സൂചന. ഈ നീക്കം അമേരിക്കയുടെ ആരോഗ്യമേഖലയിലും മരുന്നുകളുടെ വിതരണ ശൃംഖലയിലും കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. എന്നാൽ 1962 ലെ വ്യാപാര വിപുലീകരണ നിയമത്തിലെ ‘ദേശീയ സുരക്ഷ’ വ്യവസ്ഥ ചൂണ്ടിക്കാട്ടിയുള്ള ന്യായീകരണമാണ് ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. കൊവിഡ് മഹാമാരിക്കാലത്തെ മരുന്നുക്ഷാമം ചൂണ്ടിക്കാട്ടി, ആഭ്യന്തര ഉൽപാദനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ട്രംപ് ഭരണകൂടം ഉയർത്തിക്കാട്ടുന്നത്. എന്നാൽ പുതിയ നയം മരുന്നുകളുടെ വില വർധിപ്പിക്കുകയും ലഭ്യത കുറയ്ക്കുകയും ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ ആശങ്ക.
