
തിരുവനന്തപുരം: പച്ചക്കള്ളം പറഞ്ഞാണ് പൊലീസ് തന്നെ കുടുക്കിയതെന്ന് സൈബര്‍ ആക്രമണക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍. മഹാത്മഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരം ആണ്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി വൈദ്യപരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്.
തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും തന്നെ കള്ളം പറഞ്ഞ് കുടുക്കിയതാണെന്ന് രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യം അനുവദിക്കാതിരുന്ന കോടതി രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
‘പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകന് ഞാന്‍ പെണ്‍കുട്ടിയെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നൊക്കെയാണ് പറഞ്ഞത്. ഞാനങ്ങനെയുള്ള വാക്കുകളേ പറഞ്ഞിട്ടില്ല. എങ്ങനെയാണ് ഇത്തരത്തില്‍ കള്ളംപറയുക. ഒരു സര്‍ക്കാര്‍ ഔദ്യോഗികമായി കള്ളം പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. എനിക്ക് നോട്ടീസ് നല്‍കിയെന്ന് പറഞ്ഞു, അത് പച്ചക്കള്ളമാണ്. ഞാന്‍ നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചുവെന്ന് പറഞ്ഞു, അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. കള്ളം പറഞ്ഞ് ജയിച്ചിട്ട് എന്ത് അര്‍ത്ഥമാണ് ഉള്ളത്.
വേണമെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ഇനി വീഡിയോ ചെയ്യില്ലെന്ന് പറയാം. അങ്ങനെ പറഞ്ഞാല്‍ ചെലപ്പോള്‍ അനുകൂലമായ സമീപനം ഉണ്ടാകും. എന്നാല്‍ അനീതിയും അസത്യവുമാണ് നടക്കുന്നത്. ഈ പെണ്‍കുട്ടിയുടെ പേര് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ചിത്രങ്ങള്‍ ഉപയോഗിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. ഞാന്‍ എഐ ചിത്രമാണ് ഉപയോഗിച്ചത്. കള്ളംപറഞ്ഞ് ഒരാളെ കുടുക്കുന്നതിന് മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും ദണ്ണമില്ലേ’ രാഹുല്‍ ഈശ്വര്‍ ചോദിച്ചു. റിമാന്‍ഡ് ചെയ്ത രാഹുല്‍ ഈശ്വറിനെ പൂജപ്പുര ജില്ലാ ജയിലിലേക്കാണ് കൊണ്ടുപോയത്. തിരുവനന്തപുരം എസിജെഎം കോടതിയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്.


