
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായ തിരുവനന്തപുരം കോര്പറേഷന് മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്ത്. പുന്നയ്ക്കാമുകളില്‍ നിന്നുള്ള കൗണ്‍സിലറായ പി ആര് ശിവജിയെ ആണ് സിപിഎം മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. മത്സരത്തില്‍ നിന്ന് വിട്ടുനിന്നാല്‍ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് സിപിഎം കളത്തില്‍ ഇറങ്ങുന്നത്.
യുഡിഎഫും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കും എന്നാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആര് മത്സരിക്കണം എന്നതില്‍ നിലവില്‍ യുഡിഎഫില്‍ ധാരണ ആയിട്ടില്ല. ഇക്കാര്യത്തില്‍ 24 ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
രുവനന്തപുരം കോര്പ്പറേഷന് ആകെയുള്ള 101 വാര്‍ഡുകളില്‍ 50 സീറ്റില്‍ എന്‍ഡിഎ വിജയിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 51 സീറ്റ് വേണ്ട കോര്‍പ്പറേഷനില്‍ വിജയിച്ചവരില്‍ രണ്ട് പേര് സ്വതന്ത്രരാണ്. ഇവരില്‍ ഒരാളുടെ പിന്തുണ ലഭിച്ചാല്‍ തലസ്ഥാനത്ത് ആദ്യമായി ഭരണം പിടിക്കാന്‍ ബിജെപിക്ക് സാധിക്കും. എല്‍ഡിഎഫ് 29, യുഡിഎഫ് 19 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.
എന്നാല്‍, തിരുവനന്തപുരത്തെ മേയര്‍ സ്ഥാനാര്‍ഥിയെ ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിവി രാജേഷ്, ആര് ശ്രീലേഖ എന്നിവരുടെ പേരുകള്‍ സജീവ ചര്‍ച്ചയില്‍ ഉണ്ടെങ്കിലും ‘കുറച്ച് സസ്പെന്‍സ് ഇരിക്കട്ടെ’ എന്നാണ് ഈ വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. നഗരസഭയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 26 നാണ് സംസ്ഥാനത്തെ കോര്പറേഷന് മേയര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ 27നാണ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.


