തിരുവനന്തപുരം: മൂന്ന് ദിവസങ്ങൾ നീണ്ട് നിന്ന മൂന്നാമത് ലോകകേരളസഭ സമ്മേളനം സമാപിച്ചു. മുഖ്യമന്ത്രി ഓൺലൈനിലൂടെ നടത്തിയ മറുപടി പ്രസംഗത്തോടെ ആണ് സമ്മേളനത്തിന് സമാപനം കുറിച്ചത്.
ജൂൺമാസം 16 17 18 തീയതികളിൽ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ നടന്ന മൂന്നാമത് ലോക കേരള സഭ സമ്മേളനം വിജയകരമായി പര്യവസാനിച്ചു. പുതുതായി പങ്കെടുത്ത ബഹറിൻ മീഡിയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ബഹ്റൈൻ പ്രവാസി പ്രതിനിധികളിലൊരാളായി ലോക കേരള സഭയിൽ പങ്കെടുക്കാൻ ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്തിയതായി അറിയിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങൾക്കായി വിഷയാടിസ്ഥാനത്തിൽ നടന്ന ചർച്ചയിലാണ് ഫ്രാൻസിസ് കൈതാരത്ത് നിയമസഭയിൽ പ്രാധാന വിഷയങ്ങൾ സഭാഗംങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഡിസ്ട്രസ്സ് മാനേജ്മെൻറ് കളക്ടീവ് എന്ന സംഘടനയുടെ ഗ്ലോബൽ കോർഡിനേറ്ററും ബഹറിനിലെ നിരവധി സംഘടനകളുടെ പ്രതിനിധിയും ആയ ഫ്രാൻസിസ് കൈതാരത്ത് സുപ്രധാനവും പ്രവാസികൾക്ക് ഏറെ ഉപകാരപ്രദവുമാകുന്ന ഏഴ് ആവശ്യങ്ങൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ, കേരള ചീഫ് സെക്രട്ടറി വി പി ജോയ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ,എ.എ റഹീം എംപി, ബിനോയ് വിശ്വം എംപി , ജോണ് ബ്രിട്ടാസ് എംപി, വനം മന്ത്രി എകെ ശശീന്ദ്രൻ എന്നിവർക്ക് നേരിട്ട് സമർപ്പിക്കുകയും ചെയ്തു.
1) ഡ്രീം കേരള പദ്ധതിയിലുൾപ്പെടുത്തി, മുനിസിപ്പാലിറ്റി അടിസ്ഥാനത്തിൽ സർക്കാർ വക സ്ഥലം കണ്ടെത്തി പ്രവാസി ഫ്രീസോൺ , ഇൻഡസ്ട്രിയൽ പാർക്കുകൾ എന്ന പേരിൽ വഴിയും വെള്ളവും വെളിച്ചവും നൽകിക്കൊണ്ട് ഏകജാലക സംവിധാനത്തിലൂടെ പ്രവാസികൾക്ക് ചെറുകിട വ്യവസായങ്ങൾ സ്ഥാപിക്കുവാനും അവരുടെ പ്രവർത്തി പരിചയം നാടിന് മുതൽക്കൂട്ടാകുവാനും നടപടിയുണ്ടാകണം. തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സംരംഭക അദാലത്തുകൾ സംഘടിപ്പിച്ച് അവർക്ക് ആവശ്യമായ ക്ലിയറൻസ് നടത്തിക്കൊടുത്ത് ചെറുകിട വ്യവസായങ്ങളെ ആകർഷിക്കണം എന്നും.
2) മാറിയ സാഹചര്യത്തിൽ കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പം നിന്നുകൊണ്ട് പഠനം തുടരുന്നതിന് ഉതകുന്ന വിധത്തിൽ ഗൾഫ് രാജ്യങ്ങളിൽ യൂണിവേഴ്സിറ്റി കോളേജുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക കൂടാതെ
3) പ്രവാസി ക്ഷേമനിധി പെൻഷൻ നിലവിലെ 3500/= രൂപ എന്നുള്ളത്, വിവിധ സ്ലാബുകളിൽ ആയി 35,000/= രൂപ വരെ കിട്ടത്തക്ക വിധത്തിൽ വിപുലീകരിക്കുക. 350/= രൂപ മുതൽ 3500/= രൂപവരെ പ്രതിമാസ നിക്ഷേപം ക്രമീകരിക്കാവുന്നതാണെന്നും അദ്ദേഹം സഭയെ അറിയിച്ചു
4) ഒപ്പം തന്നെ പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയിൽ അംഗമാകുന്നതിനുള്ള പ്രായപരിധി എടുത്തുകളയണമെന്നും അദ്ദേഹം പറഞ്ഞു
5) മാത്രമല്ല കേരളത്തിൽ നിന്ന് യൂറോപ്പിലേക്ക് കണക്ഷൻ വിമാനങ്ങളിൽ പോകുന്നവർ ഗൾഫ് രാജ്യങ്ങളിലുള്ള എയർലൈൻസിന് ആശ്രയിക്കുന്നുണ്ട്. ഇതുമൂലം ഈ റൂട്ടിലുള്ള തിരക്ക് ഒരുകാലത്തും കുറയുന്നില്ല എന്നുള്ളത് ഗൗരവമായി പരിഗണിച്ചുകൊണ്ട് കേരളത്തിൽ നിന്നും യൂറോപ്പിലെക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാനുള്ള സാധ്യത കണ്ടെത്തണം. ഇത് ടൂറിസം മേഖലയുടെ ഉയർത്തെഴുന്നേൽപ്പിന് ഇത് സഹായകമാകുമെന്ന് അദ്ദേഹം അറിയിച്ചു
6) മാത്രമല്ല കോവിഡ് മഹാമാരി മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്കും കൃത്യമായ നഷ്ടപരിഹാരം ലഭ്യമാക്കണം എന്നും അദ്ദേഹം പറഞ്ഞു.
7) കൂടാതെ ലോക കേരള സഭയുടെ സിറ്റിങ് രണ്ട് ദിവസം എന്നുള്ളത് ഏഴു ദിവസം ആക്കി വർദ്ധിപ്പിച്ചുകൊണ്ട് കൂടുതൽ ക്രിയാത്മകമായ ചർച്ചകൾക്കും നടപടികൾക്കും വഴിയൊരുക്കണം. അത് പോലെ ഓൺലൈൻ വഴി എല്ലാമാസവും തുടർ ചർച്ചകളും ഉണ്ടാകണം
കൂടാതെ ലോകമെമ്പാടുമുള്ള മലയാളി സംഘടനകൾ ഏകോപിപ്പിക്കാൻ കോർഡിനേഷൻ കമ്മിറ്റി നിലവിൽ വരണം എന്നും ഫ്രാൻസിസ് കൈതാരത്ത് മൂന്നാമത് ലോക കേരള സഭയിൽ ആവശ്യപ്പെട്ടു.